banner

കൈവിടാതെ: ഹരിത ടൂറിസത്തിനായി മണ്‍ട്രോതുരുത്ത് ഒരുങ്ങുന്നു

കൊല്ലം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മണ്‍ട്രോതുരുത്ത് പഞ്ചായത്ത്, വിനോദ സഞ്ചാര വികസനത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നു. യാത്രാ ബോട്ടുകള്‍ക്കുള്ള ടെര്‍മിനലുകള്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍,  മാലിന്യസംസ്‌കരണം ലക്ഷ്യം വെച്ചുള്ള 'ഗ്രീന്‍ മണ്‍ട്രോ' എന്നിവയാണ് പ്രധാനപദ്ധതികള്‍. സഞ്ചാരികള്‍ക്ക്  കൂടുതല്‍  സൗകര്യങ്ങള്‍ ഒരുക്കുക, തദ്ദേശ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പഞ്ചായത്തിന് വരുമാനം വര്‍ദ്ധിപ്പിക്കുക  തുടങ്ങിയവയാണ് ലക്ഷ്യം.

കണ്ണയ്ങ്കാട്ട്, എസ് വളവ് എന്നിവിടങ്ങളിലാണ് ടെര്‍മിനല്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ യാത്രബോട്ടുകള്‍ക്ക് ഇവിടെ എത്താന്‍ കഴിയും. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍  'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഹരിത കര്‍മ്മസേന, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍  എന്നിവ സംയുക്തമായാണ് 'ഗ്രീന്‍ മണ്‍ട്രോ' നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളും പദ്ധതിയുടെ ഭാഗമാവും.  പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ പറഞ്ഞു.

അടുത്തിടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മണ്‍ട്രോതുരുത്തിനെ വകുപ്പ് അവഗണിക്കുന്നതായി കാട്ടി അഷ്ടമുടി ലൈവ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പിന്നാലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ മണ്‍ട്രോതുരുത്തിനെ പുനരുജ്ജീവിപ്പിക്കാൻ ഉതകുന്ന പദ്ധതികൾ കൊണ്ട് വരണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് വിനോദ സഞ്ചാര വികസനത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ചത്.

Post a Comment

0 Comments