banner

മലയാളി ബൈക്ക് റൈസറുടെ കൊലപാതകം; മൂന്ന് വര്‍ഷത്തോളം ഒളിവിൽ കഴിഞ്ഞ ഭാര്യയടക്കം അറസ്റ്റിൽ

ജയ്സാല്‍മര്‍ : മലയാളി ബൈക്ക് റൈസര്‍ അഷ്ബാഖ് മോന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഭാര്യ അടക്കം അറസ്റ്റില്‍. അഷ്ബാഖിന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാര്യ സുമേര പര്‍വേസ് ആണെന്നാണ് പൊലീസ് പറയുന്നത്. 

ഇവരെ ബംഗലൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. ജയ്സാല്‍മറിലെ കോടതിയില്‍ ഹാജറാക്കി. ഇവരെ കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കേരളത്തിലെ ന്യൂമാഹി വേലയുധന്‍ മൊട്ട സ്വദേശിയായ അഷ്ബാഖ് മോന്‍ (36) 2018 ഓഗസ്റ്റ് 16ന് രാജസ്ഥാനില്‍ അന്താരാഷ്ട്ര ബൈക്ക് റൈസിനുള്ള പരിശീലനത്തിനിടെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

മൂന്ന് വര്‍ഷത്തോളം പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു സുമേര. ഇവര്‍ നിരന്തരം ലോക്കേഷനുകള്‍ മാറ്റുകയും, ഫോണ്‍ സിം മാറ്റുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസില്‍ സുമേര അടക്കം മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഒരാള്‍ ഒളിവിലാണ്.

2018 ല്‍ പരിശീലനത്തിനിടെ അപകടം സംഭവിച്ച് അഷ്ബാഖ് മരിച്ചുവെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ അഷ്ബാഖിന്‍റെ സഹോദരന്‍ ടികെ അര്‍ഷാദും, അമ്മ സുബൈദയും നല്‍കിയ പരാതിയില്‍ എസ്പി അജയ് സിംഗിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണം അഷ്ബാഖ് കൊലചെയ്യപ്പെട്ടതാണ് എന്ന് കണ്ടെത്തുകയായിരുന്നു.

2018 ഓഗസ്റ്റ് 18ന് മലയാളിയായ സുമേര സജ്ഞയ് കുമാര്‍, വിശ്വാസ് എസ്ഡി, അബ്ദുള്‍ സാദിഖ് എന്നിവര്‍ക്കൊപ്പം ജയ്സാല്‍മറില്‍ ഇന്ത്യ ബജാജ് റാലി 2018 ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഷ്ബാഖ്. മരുഭൂമിയില്‍ ഭര്‍ത്താവിനെ പരിശീലനത്തിനിടെ കാണാതായെന്നും, പിന്നീട് മരിച്ചെന്ന് വിവരം ലഭിച്ചെന്നും സുമേര പൊലീസില്‍ അറിയിച്ചു.

പിന്നീട് അഷ്ബാഖിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ശക്തമാക്കിയ പൊലീസ്. സജ്ഞയ് കുമാര്‍, വിശ്വാസ് എസ്ഡി എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തി. ഇരുവരെയും അറസ്റ്റ് ചെയ്തു. അബ്ദുള്‍ സാദിഖ് ഒളിവില്‍ പോയി.സുമേരയും ഒളിവിലായിരുന്നു.

Post a Comment

0 Comments