banner

ചര്‍ച്ച പരാജയം: ഇന്ന് അര്‍ധരാത്രി മുതല്‍ ആനവണ്ടി പണിമുടക്കും; സമരം നടത്തുന്നത് ഗതികേടുകൊണ്ടാണെന്ന് ജീവനക്കാർ

തിരുവനന്തപുരം : ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച പരാജയം. ഇതോടെ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ പണിമുടക്ക് പ്രഖ്യാപിച്ച് പ്രതിപക്ഷ സംഘടനകള്‍. മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഈ മാസം 10 ന് ശമ്പളം നല്‍കാമെന്നാണ് ചര്‍ചയില്‍ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്നാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍കാരിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ ശ്രമമില്ലെന്ന് പറഞ്ഞ ജീവനക്കാര്‍ ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണമെന്നും അറിയിച്ചു. ഇപ്പോള്‍ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കള്‍ തിരുവനന്തപുരത്ത് അറിയിച്ചു.

ജീവനക്കാര്‍ക്ക് മാര്‍ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രില്‍ 19 നാണ്. എന്നാല്‍ ഏപ്രില്‍ മാസത്തെ ശമ്പളം എപ്പോള്‍ കിട്ടുമെന്ന് ആര്‍ക്കും ഉറപ്പില്ല. കാല്‍ ലക്ഷത്തിലേറെ വരുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജീവിതം കഴിഞ്ഞ കുറച്ചു മാസങ്ങളായി നരകതുല്യമാണ്. ശമ്പളം കിട്ടാത്തതിനാല്‍ ലോണുകളുടെ തിരിച്ചടവിന് മുടക്കം പതിവായി. ആഘോഷങ്ങള്‍ക്കും പണമില്ല. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് പോയ മാസം ശമ്പളം കിട്ടിയത്. ഈ മാസം ചെറിയ പെരുന്നാളും ശമ്പളം കിട്ടാതെ കടന്നുപോയി എന്ന് ജീവനക്കാര്‍ പരിതപിക്കുന്നു.

Post a Comment

0 Comments