ഹരിത കേരളം മിഷന്റെ 'തെളിനീരൊഴുകും നവകേരളം' സമ്പൂർണ ജല ശുചിത്വ യജ്ഞത്തിൻ്റെ ഭാഗമായി വാർഡ്തല ജല സമിതി രൂപീകരിച്ച് കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമ പഞ്ചായത്ത്. പിന്നാലെ പ്രാക്കുളം എൽ. പി. സ്കൂളിൽ നിന്ന് ആരംഭിച്ച 'ജലനടത്തം' തൃക്കരുവാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജല നടത്തത്തിൽ കാക്കത്തോടത് തോടിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് വിവിധ സ്പോട്ടുകളിൽ നിന്നും ജല സാമ്പിൾ ശേഖരിക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റ് സുലഫ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ,
ബ്ലോക്ക് മെമ്പർ അനിൽ കുമാർ വാർഡ് മെമ്പറന്മാരായ ജോയി, അനിൽ കുമാർ, ദിവ്യ ഷിബു തുടങ്ങിയവരും പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, ഇറിഗേഷൻ എ.ഇ, ഹരിതകേരളം ആർ.പി, പഞ്ചായത്ത് സെക്ഷൻ ക്ലാർക്ക്, അസിസ്റ്റൻ്റ് എൻജിനീയർ, ഹരിതകർമ്മ സേനാംഗങ്ങൾ,
ആശാ വർക്കറന്മാർ,
തൊഴിലുറപ്പ് തൊഴിലാളികൾ,
വ്യവസായ വാണിജ്യ പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരും പങ്കെടുത്തു.
ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ഏകോപനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിൽ തെളിനീരൊഴുകും നവകേരളം സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾക്കായി ജലസമിതി ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും കലക്ടർ കൺവീനറായും ജലസമിതി രൂപീകരിച്ചിട്ടുണ്ട്.
ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഏകോപനം, ആസൂത്രണം, അനുബന്ധ വകുപ്പുകളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കൽ, ജനകീയ പിന്തുണ ഉറപ്പാക്കൽ, തടസങ്ങൾ പരിഹരിക്കൽ, എന്നിവ ജില്ലാ ജല സമതിയുടെ ചുമതലകളാണ്. ബ്ലോക്ക്തലത്തിലും പഞ്ചായത്ത് തലത്തിലും നഗരസഭാ തലത്തിലുമുളള ജലസമിതിയുടെ അധ്യക്ഷൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധ്യക്ഷനും കൺവീനർ സെക്രട്ടറിയുമാണ്. ജനപ്രതിനിധികൾക്കും ഉദ്യാഗസ്ഥർക്കും ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും കാമ്പയിൻ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകിയിട്ടുണ്ട്.
0 Comments