banner

പതിവായി ഫുഡ് വീഡിയോകള്‍ കാണുന്നവരാണോ നിങ്ങൾ?; ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയെന്ന് പുതിയ പഠനം

സമൂഹമാധ്യമങ്ങളില്‍ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കണ്ടുപോകുന്നത്. ഇവയില്‍ പല വിഷയങ്ങളും ഉള്‍പ്പെടാം. എങ്കിലും ഏറ്റവുമധികം വീഡിയോകളും ഭക്ഷണവുമായി സംബന്ധിച്ചുള്ളതായിരിക്കും. കൂടുതല്‍ കാഴ്ചക്കാരുള്ളതും ഫുഡ് വീഡിയോകള്‍ക്ക് തന്നെ.

ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന അധികവീഡിയോകളും നമ്മെ കൊതിപ്പിക്കുന്നതും വീഡിയോയില്‍ കാണുന്ന വിഭവമോ സമാനമായ വിഭവമോ വാങ്ങിയോ പാകം ചെയ്‌തോ കഴിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതോ ആകാറുണ്ട്, അല്ലേ?
അത്തരത്തില്‍ പതിവായി ഫുഡ് വീഡിയോകള്‍ കാണുന്നവരില്‍ അതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

‘മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന’യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഫുഡ് വീഡിയോകള്‍, പ്രമുഖരായ ഫുഡ് ബ്ലോഗേഴ്‌സ് പതിവായി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍- വീഡിയോകള്‍ എന്നിവയെല്ലാം പഠനവിധേയമാക്കിയ ശേഷമാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.

ഫുഡ് വീഡിയോകള്‍ മിക്കപ്പോഴും നമ്മെ അനാരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് അടുപ്പിക്കുകയാണേ്രത ചെയ്യുന്നത്. പ്രത്യേകിച്ച് കൗമാരക്കാരിലും കുട്ടികളിലുമാണ് ഈ സ്വാധീനം വലിയ രീതിയില്‍ കാണപ്പെടുന്നതെന്നും ഇത് ക്രമേണ സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇവരെ നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അധികവും 13 മുതല്‍ 17 വരെ പ്രായം വരുന്നവരാണേ്രത ഫുഡ് വീഡിയോകള്‍ പതിവായി കാണുന്നത്. അതും വലിയ രീതിയിലാണ് ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ലഭിക്കുന്നത്. ഓരോ വീഡിയോയും ചുരുങ്ങിയ സമയത്തിനകം കണ്ടുതള്ളുന്നത് ലക്ഷക്കണക്കിന് പേരാണ്.
ഈ വീഡിയോകളിലെല്ലാം മിക്കപ്പോഴും ഉപ്പോ മധുരമോ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വിഭവങ്ങളെ കുറിച്ചായിരിക്കും ഉള്ളടക്കമത്രേ. 

ഇതുതന്നെ കഴിക്കാന്‍ കാഴ്ചക്കാരിലും പ്രേരണയുണ്ടാകുന്നു. ഉപ്പും മധുരവും അമിതമാകുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുറെയെല്ലാം എല്ലാവര്‍ക്കും അറിയുന്നതായിരിക്കുമല്ലോ. 

അനാരോഗ്യകരമായി വളര്‍ന്നുവരുന്ന ഒരു തലമുറയാണ് ഇക്കാരണം കൊണ്ട് ഇന്നുള്ളതെന്നാണ് ഗവേഷകര്‍ ആകുലതയോടെ പങ്കുവയ്ക്കുന്നത്. അതിനാല്‍ തന്നെ ഫുഡ് വീഡിയോകളുടെ കാര്യത്തില്‍ ചില നിയമപരമായ നിയന്ത്രണങ്ങളും നയങ്ങളും വരേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments