banner

ബി.ജെ.പി മതേതര പാർട്ടി; ഇടത്-വലത് മുന്നണികള്‍ നടത്തുന്നത് തീവ്രവാദ പ്രീണനം : പി.സി. ജോര്‍ജ്

കൊച്ചി : ഇടത്-വലത് മുന്നണികള്‍ നടത്തുന്ന തീവ്രവാദ പ്രീണനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ബി.ജെ.പിയ്ക്ക് മാത്രമേ കഴിയൂ എന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. ബി.ജെ.പിയിലേക്ക് ചേരില്ലെന്നും അതിന്റെ ഭാഗമല്ലെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. (Pc George, BJP, kerala news)

’ഞാന്‍ പങ്കുവെച്ച ആശയങ്ങള്‍ ശരിയാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി എന്നെ പിന്തുണച്ചത്. ബി.ജെ.പിയുടേത് മതേതര കാഴ്ചപ്പാടാണ്. അതുകൊണ്ടാണ് തൃക്കാക്കരയില്‍ ബി.ജെ.പിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ വലിയ പ്രശ്‌നത്തില്‍ പെട്ടപ്പോള്‍, പിണറായി വിജയന്‍ തന്നെ അക്രമിച്ചപ്പോള്‍ തന്റെ കൂടെ നിന്നത് ബി.ജെ.പിയാണ്’. അവരോട് നന്ദി കാണിച്ചില്ലെങ്കില്‍ താനൊക്കെ എന്ത് മനുഷ്യനായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസിനെതിരെയും പി.സി. ജോര്‍ജ് പ്രതികരിച്ചു.

മാര്‍ മിലിത്തിയോസ് ഇടതുപക്ഷക്കാരനും പിണറായിക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണെന്നും ജോര്‍ജ് പറഞ്ഞു.

പി.സി.ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാവില്ലെന്ന് കഴിഞ്ഞദിവസം തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം പൊലീസിന് മുന്നില്‍ ഹെലികോപ്ടറില്‍ പോയി ഹാജരാകാന്‍ താന്‍ ഇന്നലെ ശ്രമം നടത്തിയിരുന്നുവെന്നും ജോര്‍ജ് പ്രതികരിച്ചു.

അവധി ദിവസമാണെന്നറിഞ്ഞും പൊലീസ് ഞായറാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ ഞായറാഴ്ച അവധിയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

പൊലീസ് നാല് നോട്ടീസാണ് തന്നത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ വിളിച്ചപ്പോള്‍ ഫോണെടുത്തില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സൗകര്യമില്ലാത്തതിനാലാണ്. ജയിലിനകത്ത് കിടന്നപ്പോള്‍ ചോദ്യം ചെയ്യാമായിരുന്നില്ലേയെന്നും പി.സി. ജോര്‍ജ് ചോദിച്ചു.

Post a Comment

0 Comments