banner

പി.സി. ജോർജിന് ജയിൽ മോചനം: തൻ്റെ ജയിൽവാസം പിണറായി വിജയന്റെ കളിയുടെ ഭാഗം; ഹൈക്കോടതിയോട് നന്ദിയെന്നും പിസി ജോർജ്

തിരുവനന്തപുരം : വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി. ജോർജ് ജയിലിന് പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പൂജപ്പുര ജയിലിൽനിന്ന് പി.സി ജോർജിനെ മോചിപ്പിച്ചത്. ജോർജിന് അഭിവാദ്യമർപ്പിച്ച് സ്ഥലത്ത് ബിജെപി. പ്രവർത്തകർ എത്തിയിരുന്നു.
കോടതിയോട് നന്ദിയുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ജോർജ് പറഞ്ഞു. പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് താൻ ജയിലിൽ പോയതെന്നും ജാമ്യം അനുവദിച്ച ഹൈക്കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തൃക്കാക്കരയിൽ വച്ചാണ് പിണറായി തന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അതിന് തൃക്കാക്കരയിൽ വെച്ച് താൻ മറ്റന്നാൾ മറുപടി പറയുമെന്നും ജോർജ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതിയുടെ വിധി മാനിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉൾപ്പെടയുള്ളവരുടെ നേതൃത്വത്തിലാണ് ബിജെപി. പ്രവർത്തകർ പി.സി ജോർജിനെ സ്വീകരിക്കാൻ എത്തിയത്. ഇതിനിടെ ബിജെപി. പ്രവർത്തകർ മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റം നടത്തുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

കർശന ഉപാധികളോടെയാണ് ഹൈക്കോടതിയിൽ നിന്നും പിസി ജോർജിന് ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ്ജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലയ്ക്കെടുത്ത കോടതി അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

ഇത്തരം കേസുകൾ സമൂഹത്തിന് വിപത്താണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു. പിസി ജോർജ്ജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചു. അതേ സമയം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് മുൻകൂർ ജാമ്യവും അനുവദിച്ചു.

തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. പിന്നാലെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജ്ജിനെ പൊലീസ് അർദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ രാവിലെ കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കി. തുടർന്ന് ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. തിടുക്കത്തിലുള്ള നടപടികൾക്ക് പിന്നിൽ സർക്കാരെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജ് ആരോപിച്ചിരുന്നു. തുടരെ തുടരെ കുറ്റം ആവർത്തിക്കുകയാണ് ജോർജെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആരോപിക്കുന്നത്.

Post a Comment

0 Comments