കൊച്ചി : പി.സി. ജോര്‍ജിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തില്‍ ഒരാളെ കസ്റ്റഡിയില്‍ വെച്ച് എന്താണ് പോലീസിന് ചെയ്യാന്‍ ഉള്ളത് എന്ന് കോടതി ചോദിച്ചു. വീഡിയോ റെക്കോര്‍ഡുകള്‍ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. പോലീസില്‍ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നല്‍കാന്‍ സമയം വേണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു.
നേരത്തെ മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി.സി.ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി.
ഇന്നലെ അര്‍ധരാത്രിയാണ് പിസി ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ എത്തിച്ചത്. ഫോര്‍ട്ട് പോലീസ് പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.
0 Comments