banner

കൊവിഡിൽ അനാഥരായ കുട്ടികൾക്ക് പിഎം കെയർ, പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും; കേരളത്തിൽ നിന്ന് 112 കുട്ടികൾ

ഡെൽഹി : കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കടക്കമാണ് സഹായം ലഭിക്കുക. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ഈ കുട്ടികൾക്ക് ലഭിക്കും. രക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം കുട്ടികള്‍ വെര്‍ച്ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കും.

ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാഗംങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ എട്ട് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പദ്ധതി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയർ പദ്ധതി പ്രഖ്യാപിച്ചത്.

കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. 23 വയസ് എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. പലിശ പി.എം. കെയേഴ്‌സില്‍ നിന്നും അടയ്ക്കും.
കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കാണ് പരിപാടിയില്‍ സഹായം ലഭിക്കുക. 

പരിപാടിയില്‍ വച്ച് പ്രധാനമന്തി കുട്ടികള്‍ക്ക് പ്രധാനപ്പെട്ട പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അവര്‍ ഒറ്റയ്ക്കല്ലെന്നും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങളും വകുപ്പുകളും ഒപ്പമുണ്ടെന്നും പ്രഖ്യാപിക്കുന്നതാണ് ഇത്. അതത് ജില്ലകളില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളായിരിക്കും വിവിധ രേഖകള്‍ അടങ്ങുന്ന ഫോള്‍ഡര്‍ കുട്ടികള്‍ക്ക് കൈമാറുക.

കേരളത്തില്‍ നിന്ന് മൊത്തം 112 കുട്ടികൾ ഉള്ളതിൽ 93 പേര്‍ 18 വയസിന് താഴെയുള്ളവരും 19 പേര്‍ 18 വയസിന് മുകളിലുള്ളവരുമാണ്. പതിനെട്ടുവയസിന് താഴെയുള്ളവരില്‍ പി എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് മലപ്പുറം തൃശൂര്‍ ജില്ലകളിലാണ്.

പത്തുകൂട്ടികള്‍ വീതമാണ് ഇവിടെ നിന്നും ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പതിനെട്ടുവയസിന് മുകളിലുള്ളവരില്‍ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ആരുമില്ല. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്ളത് തിരുവനന്തപുരത്തുമാണ്. നാലുപേരാണ് ആനുകൂല്യത്തിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Post a Comment

0 Comments