banner

റിഫയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കാരണമറിയണമെന്ന് കുടുംബം

കോഴിക്കോട് : വ്ളോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദുബായിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്.

റിഫയുടെ മരണത്തിൽ കാസർകോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കാക്കൂർ പോലീസ് കേസെടുത്തത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.

അതേ സമയം, റിഫമെഹ്നുവിന്റേത് ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് റിഫയുടെ മാതാവ് ഷെറീന. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും റിഫയുടെ ഉമ്മ പറഞ്ഞു. റിഫയുടേത് തൂങ്ങിമരണമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെയാണ് അവരുടെ പ്രതികരണം.

ഇപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഫോറൻസിക് റിപ്പോർട്ട്കൂടി വരാനുണ്ട്. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ല. അതിലേക്ക് നയിച്ച കാരണങ്ങളറിയണം. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഇതിനോടകം കേസ് കൊടുത്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കിൽ മെഹ്നാസ് എന്തിനാണ് ഒളിവിൽ പോയതെന്നും ഷെറീന ചോദിച്ചു.

മാർച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. ഭർത്താവ് മെഹ്നാസിനൊപ്പമായിരുന്നു താമസം. ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരിൽനിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്. പിന്നീട് നാട്ടിലെത്തിച്ച് മൃതദേഹം ഖബറടുക്കുകയായിരുന്നു. ദുബായിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം എത്തിച്ചതെന്ന് ഭർത്താവ് മെഹനാസ് തെറ്റിദ്ധരിപ്പിച്ചുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും റിഫയുടെ മാതാപിതാക്കൾ ആരോപിക്കുകയായിരുന്നു.

പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നിന്ന് ഈ മാസം ഏഴിനാണ് റിഫയുടെ മൃതദേഹം പുറത്തെടുത്തിരുന്നത്. കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം അന്നുതന്നെ ഖബറടക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments