banner

ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി; ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം; ലെസ്‌ബിയൻ യുവതി കോടതിയിലേക്ക്

കൊച്ചി : ഒപ്പം ജീവിക്കാനെത്തിയ പങ്കാളിയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടു പോയെന്നും ഒന്നിച്ചു സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി നിയമ സഹായം തേടി സ്വവർഗാനുരാഗിയായ പെൺകുട്ടി. തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാർ നിർബന്ധിച്ച് പിടിച്ചുകൊണ്ടുപോയെന്നും അതിന് ശേഷം കാണാനില്ലെന്നും ആലുവ സ്വദേശി ആദില നസ്രിൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പ്രായപൂർത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നാണ് യുവതിയുടെ ആവശ്യം. രക്ഷകർത്താക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ തുടർന്നാണ് യുവതി നിയമസഹായം തേടിയത്.

തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാർ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാനില്ലെന്നുമാണ് പരാതി. ഉടൻ കോടതിയെയും സമീപിക്കുമെന്ന് ആദില പറഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി.

സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്രിൻ താമരശ്ശേരി സ്വദേശിനിയായ 23കാരിയുമായി പ്രണയത്തിലാകുന്നത്. ബന്ധം വീട്ടിലറിഞ്ഞപ്പോൾ കടുത്ത എതിർപ്പ് നേരിട്ടു. തുടർന്നാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

ഈമാസം പത്തൊമ്പതിന് കോഴിക്കോടെത്തിയ ആദില പങ്കാളിയുമായി കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറി. അവിടെ ബന്ധുക്കൾ തെരഞ്ഞെത്തി. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. പിന്നാലെ ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

എന്നാൽ താമശ്ശേരിയിൽ നിന്ന് പങ്കാളിയുടെ ബന്ധുക്കൾ എത്തി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. തന്റെ മാതാപിതാക്കളും അവർക്കൊപ്പം നിന്നതായി ആദില ആരോപിക്കുന്നു.

കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോകുന്നതെന്ന് അവൾ പറഞ്ഞു. പക്ഷേ ഇന്നേവരെ അവളെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. അവളെ കൊണ്ടുപോകാനെത്തിയവരുടെ ഫോൺ കിട്ടുന്നില്ലെന്നും ആദില പറഞ്ഞു. പ്രായപൂർത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് പറയുന്ന ആദില, പൊലീസും കോടതിയും ഇടപെടണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.

Post a Comment

0 Comments