banner

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിൻ്റെ സീലിംഗ് പൊളിഞ്ഞുവീണു

പൂവച്ചല്‍ : എട്ടുലക്ഷം മുടക്കി നവീകരിച്ച സ്‌കൂള്‍ കെട്ടിടം സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെട്ടിടത്തിന്റെ സീലിംഗ് പൊളിഞ്ഞുവീണു. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ വിള വാര്‍ഡിലെ കുഴക്കാട് എല്‍.പി സ്‌കൂള്‍ നവീകരണമാണ് വിവാദത്തിലായത്. ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. പൂവച്ചല്‍ പഞ്ചായത്തിലെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് കോവില്‍വിള വാര്‍ഡിലെ കുഴക്കാട് എല്‍.പി സ്‌കൂള്‍ നവീകരണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചത്. മൂന്നു ക്ലാസ്മുറികള്‍ ഉള്ള കെട്ടിടത്തിന് മേല്‍ക്കൂര, സീലിംഗ് പെയിന്റിംഗ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. പണി ആരംഭിച്ചെങ്കിലും പുതിയ ഭരണസമിതി അധികാരത്തില്‍ വന്നശേഷം നടപടികള്‍ വേഗത്തിലാക്കി പണി പൂര്‍ത്തീകരിച്ചു.

സ്‌കൂള്‍ നവീകരണത്തില്‍ അപാകതകള്‍ ഏറിയതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സൗമ്യ ജോസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങളായ കട്ടക്കോട് തങ്കച്ചന്‍, അജിലാഷ്, ലിജു സാമുവേല്‍, അനൂപ് കുമാര്‍, വത്സല, രാഘവലാല്‍ തുടങ്ങിയവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് അദ്ധ്യാപകരുമായി സംസാരിച്ചു. അടുത്തിടെ കുഴക്കാട് എല്‍.പി.എസില്‍ ചുമതലയേറ്റ ഹെഡ്മിസ്ട്രസ് ആയതിനാല്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയില്ലെന്നും സ്‌കൂള്‍ തുറക്കുമ്പോള്‍ ഈ അവസ്ഥയില്‍ കുട്ടികളെ ഈ മുറികളില്‍ ഇരുത്താന്‍ ഭയമാണെന്നും പഞ്ചായത്തിനെ വിവരം ധരിപ്പിക്കുമെന്നും ഹെഡ്മിസ്ട്രസ് പ്രതികരിച്ചു. ഓട് മേഞ്ഞ കെട്ടിടം പൊളിച്ചുനീക്കി ഷീറ്റ് മേയാനും കെട്ടിടം പെയിന്റിംഗ് നടത്തുന്നതിനുമായിരുന്നു കരാര്‍. എന്നാല്‍ പഴയ തടിയും കഴുക്കോലും നിലനിറുത്തി നിലവാരം കുറഞ്ഞ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. ഇതും ഇപ്പോള്‍ പലഭാഗത്തും ചോരുന്നു.

തട്ടിക്കൂട്ട് പണി
പെയിന്റിംഗ് കഴിഞ്ഞെന്ന് പറയുമ്പോഴും മുന്‍പ് ചുവരുകളില്‍ എഴുതിയിരുന്ന അക്ഷരങ്ങള്‍ ഇപ്പോഴും തെളിഞ്ഞു കാണാം. പേരിനു മാത്രം പെയിന്റിംഗ് നടത്തി രണ്ടു ലക്ഷം രൂപയുടെ തട്ടിക്കൂട്ട് പണി നടത്തി എട്ടു ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിന് കരാറുകാരന്‍ നഷ്ടം വരുത്തിയിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുന്നു. പഞ്ചായത്തിലെ വിവിധ കരാറുകളില്‍ ഇത്തരം അഴിമതികള്‍ ഒളിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ ആരോപണമുണ്ട്.

അപാകതകള്‍ ഏറെ
രണ്ടു മാസം മുന്‍പ് കോവില്‍വിള വാര്‍ഡ് അംഗം സ്‌കൂള്‍ കെട്ടിടത്തിലെ നവീകരണ പ്രവൃത്തികളില്‍ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതില്‍ അഴിമതിയുണ്ടെന്നും ഗുമേന്മ കുറഞ്ഞവയാണ് അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്നതെന്നും, പ്രസിഡന്റും അസിസ്റ്റന്റ് എന്‍ജിനിയറുമടങ്ങുന്ന സമിതി കെട്ടിടം സന്ദരിശിച്ച്‌ അന്വേഷണം നടത്തിയ ശേഷമേ ബില്‍ പാസ്സാക്കാന്‍ പാടുള്ളൂ എന്നുമായിരുന്നു പരാതി. എന്നാല്‍ ഇത് അവഗണിച്ചാണ് കോണ്‍ട്രാക്ടര്‍ക്ക് കരാര്‍ എടുത്ത കുഴക്കാട് എല്‍.പി സ്‌കൂള്‍ നവീകരണത്തിന് തുക മുഴുവന്‍ പാസാക്കിയിരിക്കുന്നത്. ബില്‍ പാസായി മാസം കഴിയുമ്പോഴേക്കും ചെയ്ത ജോലികള്‍ പൊളിഞ്ഞുതുടങ്ങി.

Post a Comment

0 Comments