കൊല്ലം : കൊട്ടാരക്കര വെട്ടിക്കവലയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിരമിച്ച കെ എസ് ആർ ടി സി ഉദ്യോഗസ്ഥനും ഭാര്യയും മരിച്ചു. കോക്കാട് കൃഷ്ണ വിഹാറിൽ ആനന്ദവല്ലി (54) ആണ് മരിച്ചത്. ഭർത്താവ് നന്ദകുമാർ (60) പിന്നീട് ആശുപത്രിയിൽ മരിച്ചു. രാവിലെ 8.30നാണ് വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിലായ ഇവരെ കണ്ടെത്തിയത്. നന്ദകുമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. നേരം പുലർന്നിട്ടും വീട് അടഞ്ഞുകിടക്കുന്നത് കണ്ട് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ഇരുവരെയും അവശനിലയിൽ കണ്ടത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആനന്ദവല്ലി പുനലൂർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നന്ദകുമാർ വിരമിച്ചതിന് ശേഷം കോക്കാട് കശുവണ്ടി ഫാക്ടറിക്ക് മുന്നിൽ ചായക്കട നടത്തി വരികയായിരുന്നു. ആറ് മാസം മുമ്പ് കശുവണ്ടി ഫാക്ടറി അടച്ചതോടെ കടയും നിർത്തി. ഇവരുടെ മകൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് നാടുവിട്ടു പോയതാണ്.
0 Comments