banner

ഓച്ചിറയിലെ എഴുപത്തിമൂന്നുകാരൻ്റെ പ്ലാവിലക്കട! മാതൃക

ഓച്ചിറ അമ്പലത്തിന് സമീപമായി പ്ലാവില കച്ചവടം നടത്തുന്ന ഓച്ചിറയിലെ എഴുപത്തിമൂന്ന് വയസ്സുകാരനായ ശങ്കരപ്പിള്ളയുടെ വീഡിയോയുമായിട്ടാണ് കഴിഞ്ഞ ദിവസം കടൽ മച്ചാൻ എന്ന ഫേസ്ബുക്ക് പേജ് എത്തിയത്. പലതരം ജോലി ചെയ്യുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇതൊരു വ്യത്യസ്തമായിട്ടുള്ള ജീവിതമാണ് എന്ന മുഖവുരയോടെയാണ് കടൽ മച്ചാൻ എന്ന യൂട്യൂബ് ചാനലിൻ്റെ അമരക്കാരനായ വിഷ്ണു അഴീക്കൽ വീഡിയോ തുടങ്ങുന്നത്.

വിഷ്ണുവിൻ്റെ മുഖവുര ശരിവയ്ക്കുന്ന കാഴ്ചയായിരുന്നു പിന്നീട് മൂന്നര മിനിറ്റോളം ദൈർഘ്യം വരുന്ന വീഡിയോ. ജീവിതത്തിൻ്റെ പ്രാരാബ്ദങ്ങളെയും വിഷമങ്ങളെയും ഒരു പുഞ്ചിരിയിലൊതുക്കി കാര്യങ്ങൾ സംസാരിക്കുന്ന ശങ്കരപ്പിള്ള ചേട്ടനെ മൂന്നര ലക്ഷത്തിലധികം വരുന്ന കാണികൾക്ക് നന്നെ ഇഷ്ടപ്പെട്ടു. അവർ വിഷ്ണുവിനോട് ചേട്ടനെ സഹായിക്കണെ എന്നും, ചിലർ അവിടെയെത്താം എന്നുമൊക്കെ കമൻ്റായി അറിയിച്ചു.

സ്വകാര്യ ആവശ്യത്തിനായി ഓച്ചിറയിലെത്തിയ വിഷ്ണുവിന് ചേട്ടനെ നേരത്തെ അറിയാതിരുന്നത് കൊണ്ട് അന്നേരം സഹായിക്കാൻ കഴിഞ്ഞില്ല. എന്നാൽ വളരെ വൈകാതെ താനിവിടെ തിരികെ എത്തുമെന്നും ചേട്ടന് ഒരു സർപ്രൈസ് കൊടുക്കുമെന്നും ഈ ചെറുപ്പകാരൻ കാണികളോടായി പറയുന്നു. ശേഷം മഴയായിരുന്നതിനാൽ കച്ചവടം കുറവായിരുന്ന ചേട്ടന് കുറച്ച് കച്ചവടവും സംഘടിപ്പിച്ച് നൽകിയാണ് കടൽ മച്ചാൻ മടങ്ങിയത്.

ഓച്ചിറ അമ്പലത്തിന് തെക്ക് വശം ദീർഘകാലമായി പ്ലാവില കച്ചവടം ചെയ്യുന്ന ശങ്കരപ്പിള്ള ചേട്ടൻ തൻ്റെ എഴുപത്തിമൂന്നാം വയസിലും പ്ലാവിലും മറ്റും കയറിതന്നെയാണ് വില്പനയ്ക്കായി പ്ലാവില ശേഖരിക്കുന്നത്. ചിലയിടങ്ങളിൽ കാശ് നൽകി പ്ലാവില ശേഖരിക്കുന്നതിന് അനുവാദം വാങ്ങും. മാത്രമല്ല, പ്ലാവില കെട്ടുന്നത് ഓലയില കൊണ്ടാണ് എന്നുള്ളതും കൗതുകമുള്ളത്. ഓച്ചിറയിലെത്തുമ്പോൾ വായനക്കാരും കയറണെ എന്ന് വിഷ്ണു അഴീക്കലിനൊപ്പം അഷ്ടമുടി ലൈവും പറഞ്ഞു വയ്ക്കുന്നു.

Post a Comment

0 Comments