തിരൂര്‍ : സംസ്ഥാനത്ത് ചെള്ള് പനി സ്ഥീരീകരിച്ചു. ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ രോഗം മൂര്‍ച്ഛിച്ച് ചികിത്സക്കെത്തിയ വിദ്യാര്‍ഥിനിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് വന്ന തിരൂര്‍ സ്വദേശിയായ 19കാരിയില്‍ നടത്തിയ പരിശോധനയിലാണ് സ്‌ക്രബ് ടൈഫസ് അഥവാ ചെള്ള് പനി കണ്ടെത്തിയത്. വിട്ടുമാറാത്ത പനി കാരണം നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ഷീണിതയായ വിദ്യാര്‍ഥിനി ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ആബിദ് കള്ളിയത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ റിക്കെറ്റ്‌സിയ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരാം. രോഗം കണ്ടെത്തിയാല്‍ എത്രയും വേഗം ചികിത്സ തേടുകയെന്നത് പ്രധാനമാണ്. രോഗം ബാധിച്ച മേമുണ്ട കാവഞ്ചേരി സ്വദേശിക്ക് വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ടവേദനയും രൂക്ഷമായതോടെയാണ് ചികിത്സ തേടിയത്.
തലവേദന, പനി, തണുത്തുവിറക്കല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് ചെള്ളുപനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. കഠിനമായ തലവേദന, 102.2 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതലുള്ള കഠിനമായ പനി, മുതുകിലോ മാറിടത്തിലോ തുടങ്ങി എല്ലായിടത്തും വ്യാപിക്കുന്ന തിണര്‍പ്പ്, ബുദ്ധിമാന്ദ്യം, താഴ്ന്ന രക്തസമ്മര്‍ദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകള്‍ക്കുള്ള അലര്‍ജി, കഠിനമായ പേശിവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
0 Comments