banner

കാലവർഷമെത്തും മുമ്പേ മഴയിൽ മുങ്ങി സംസ്ഥാനം; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിത‍ർ

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തും വയനാട്ടിലും ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളതിനടിയിലായി. മഴയിൽ നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എം.ജി റോഡ് പരിസരം, കലൂർ കത്രൃക്കടവ് റോഡ്, നോർത്ത് പരിസരം, എറണാകുളം കെഎസ്ആർടിസി, ബാനർജി റോഡ്, എസ്എ റോഡ്, മേനക ജംക്ഷൻ, പരമാര റോഡ്, കലാഭവൻ റോഡ്, കലൂർ, പുല്ലേപ്പടി, സലിംരാജ റോഡ്, കടവന്ത്ര, പനമ്പിള്ളി തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മഴയ്ക്ക് ശമനമാകാഞ്ഞതോടെ വാഹന യാത്രക്കാരും വലഞ്ഞു. നിരത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി. 

കച്ചേരിപ്പടി, എംജി റോഡ്, എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളത്തിൽമുങ്ങിയതോടെ, ബസുകൾ സ്റ്റാൻഡിന് പുറത്തു നിർത്തി യാത്രക്കാരെ കയറ്റി. ബസ് സ്റ്റാൻഡ് പരിസരത്തെ ഇടറോഡുകളിലും വെള്ളത്തിലായി.

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ

തിരുവനന്തപുരം : വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. കാണാതായ മൂന്നുപേരും തമിഴ്‌നാട് തേങ്ങാപ്പട്ടണത്ത് എത്തി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയായിരുന്നു കാണാതായത്.

ഇന്നലെയാണ് ഇവർ കടലിൽ പോയത്. വിഴിഞ്ഞം പൂവാർ ഭാഗത്തേക്കാണ് ഇവർ പോയിരുന്നത്. രാത്രി 11 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. തുടർന്നാണ് ഇവർ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്ത് എത്തിയതായി വിവരം ലഭിച്ചത്.

Post a Comment

0 Comments