ന്യൂഡല്‍ഹി : രാജ്യത്ത് ലൈംഗിക തൊഴിലിന് നിയമ സാധുത. ലൈംഗിക തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീം കോടതി ഉത്തരവ്. ഒരാള്‍ സ്വമേധയാ ലൈംഗിക തൊഴിലിലേര്‍പ്പെട്ടാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് പോലീസിനോട് സുപ്രീം കോടതി വ്യക്തമാക്കി. റെയ്ഡില്‍ എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് എന്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിച്ചു.
വേശ്യാവൃത്തി ഒരു തൊഴിലാണ്. ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ട്. പ്രായം, സമ്മതം എന്നീ മാനദണ്ഡങ്ങള്‍ എല്ലാ ക്രിമിനല്‍ കേസുകളിലും ബാധകമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഇഷ്ടപ്രകാരമോ, സമ്മതത്തോടെയോ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന് പോലീസോ നിയമങ്ങളോ ഇടപെടുന്നതില്‍ അര്‍ത്ഥമില്ല. തൊഴില്‍ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമപരിരക്ഷയും ലഭിക്കേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ പ്രകാരം ഇത് ഓരോ പൗരന്റെയും അവകാശമാണ്. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ, ഇവരില്‍ നിന്നും പിഴ ഈടാക്കാനോ പാടില്ല. ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ലാത്തതിനാല്‍ ഇവരെ ഉപദ്രവിക്കാനോ, റെയ്ഡുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തി പിടികൂടാനോ പാടില്ലെന്നും കോടതി പറഞ്ഞു.
ലൈംഗിക തൊഴിലാളിയാണെന്ന കാരണത്താല്‍ അവരുടെ മക്കളെ മാതാവില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പാടില്ല. കുട്ടികള്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വേശ്യാലയങ്ങളില്‍ കണ്ടെത്തിയാല്‍ കുട്ടിയെ തട്ടിക്കൊണ്ടു വന്നതാകാമെന്ന് മാത്രം അനുമാനിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പരാതി നല്‍കുന്ന ലൈംഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. തൊഴിലിനിടെ ഏതെങ്കിലും തരത്തില്‍ അതിക്രമത്തിന് ഇരയായ ലൈംഗിക തൊഴിലാളികള്‍ക്ക് ഉടനെ തന്നെ മെഡിക്കോ ലീഗല്‍ കെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.
0 Comments