banner

'റോക്കി ബായി'യെ കണ്ട് ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീർത്തു, 15കാരൻ ആശുപത്രിയിൽ

കെജിഎഫ് ചാപ്റ്റർ രണ്ടിലെ നായക കഥാപാത്രമായ റോക്കി ഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 15വയസുകാരൻ രണ്ട് ദിവസം കൊണ്ട് ഒരു പായ്ക്ക് സിഗരറ്റ് വലിച്ച് ആശുപത്രിയിലായി. ഹൈദരാബാദ് രാജേന്ദ്ര നഗർ സ്വദേശിയായ കുട്ടിയെയാണ് ശ്വാസതടസം, ശക്തമായ ചുമ, തൊണ്ടവേദന തുടങ്ങിയവ രൂക്ഷമായതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ എത്തിച്ചത്.

കുട്ടിയുടെ നെഞ്ചിന്റെ എക്സ്റേയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും പിന്നീടാണ് പുകവലി മൂലമാണ് പ്രശ്നമുണ്ടായതെന്ന് മനസിലാക്കിയതെന്നും ശ്വാസകോശരോഗ വിദ​ഗ്ധനായ ഡോ. രോഹിത് റെഡ്ഡി പറഞ്ഞു. കുട്ടിയുടെ വലതു കൈയുടെ നടുവിരലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് കുട്ടി പുകവലിച്ച വിവരം വെളിപ്പെടുത്തിയത്. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കലയാണ് സിനിമയെന്നും സിഗരറ്റ് വലിയെയും മദ്യ ഉപയോ​ഗത്തെയും മഹത്വവൽക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആയിരത്തി മുന്നൂറ് കോടി രൂപ ലോകമാകെ കളക്ഷൻ നേടി മൂന്നാഴ്‌ച കഴിഞ്ഞും പ്രദർശനം തുടരുകയാണ് റോക്കി ഭായിയായി യാഷ് തകർത്തഭിനയിച്ച കെജിഎഫ് 2. റോക്കിയെ അനുകരിച്ച് സി​ഗരറ്റ് വലിക്കാൻ നോക്കിയതാണ് കുട്ടിയുടെ ആരോ​ഗ്യനില മോശമാവാൻ കാരണം.

രണ്ട് ദിവസത്തിനിടെ പയ്യൻ മൂന്ന് തവണ കെജിഎഫ് 2 കണ്ടു. ഇതിനിടെ നിരന്തരം സിഗരറ്റ് വലിച്ച് തൊണ്ടവേദനയും ചുമയും രൂക്ഷമാവുകയായിരുന്നു. ശനിയാഴ്‌ചയോടെ കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തു. തുടർന്ന് കുട്ടിയ്‌ക്ക് കൗൺസിലിംഗും നൽകിയാണ് മടക്കിയയച്ചത്.

Post a Comment

0 Comments