banner

നികുതി അടയ്ക്കുന്നതിലെ കൃത്യത പ്രധാനമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ കൊട്ടാരക്കരയിൽ

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് നികുതി വരുമാനം അനിവാര്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ തുടങ്ങിയ ചരക്ക് സേവന നികുതി വകുപ്പിന്റെ ആധുനീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്ന നികുതി കൃത്യമായി ഒടുക്കാന്‍ വ്യാപര സമൂഹം തയ്യാറാകണം. ബില്‍ വാങ്ങി മാത്രം സാധനങ്ങള്‍ വാങ്ങാന്‍ പൊതുജനവും തയ്യാറാകണം. ഇങ്ങനെ നികുതി വരുമാനത്തിന് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കായി സമ്മാന പദ്ധതി പരിഗണനയിലാണ്. എന്റെ നികുതി എന്റെ ഉത്തരവാദിത്തം എന്ന് തിരിച്ചറിയുന്നവര്‍ക്കായി ലക്കി ബില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതിയില്‍ പോലും ഇടപെടല്‍ ഉണ്ടാകുന്ന സാഹചര്യമാണ് വിലക്കയറ്റത്തിന് പിന്നില്‍. അന്താരാഷ്ട്ര എണ്ണവില പരിഗണിച്ചാല്‍ ഇപ്പോഴത്തേതിനാക്കാള്‍ വില കുറച്ച് പാചക വാതകം നല്‍കാനാകും. എന്നാല്‍ വില നിശ്ചയിക്കുന്നതിലെ മാനദണ്ഡമാണ് തടസം. ഈ രീതി പിന്തുടര്‍ന്നാല്‍ നാണ്യപ്പെരുപ്പവും വിലക്കയറ്റവും തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനായി. സ്റ്റേറ്റ് ടാക്‌സ് കമ്മിഷണര്‍ രത്തന്‍ കേല്‍ക്കര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ പി. അയിഷാ പോറ്റി, ജി.എസ്.ടി വകുപ്പ് അഡീഷനല്‍ കമ്മിഷണര്‍മാരായ എസ്. എബ്രഹാം സെന്‍, എ. സറഫ്, ജോയിന്റ് കമ്മിഷണര്‍മാരായ സജി എ. മിറാന്‍ഡ, ബിജോയ് ടി. നായര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ ഹസീന ഇഖ്ബാല്‍, നഗസരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ എസ്. ആര്‍. രമേശ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments