banner

നവവധു കുഴ‍ഞ്ഞുവീണ് മരിച്ച സംഭവം; സ്ത്രീധന പീഡനം നടന്നുവെന്ന് മാതാപിതാക്കൾ

തൃശൂർ പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവാകുന്ന തെളിവുകൾ പുറത്ത്. ശ്രുതിയെന്ന യുവതിയാണ് മരിച്ചത്. വിദ​ഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തി. കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് മഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.

കുളിമുറിയിൽ കുഴ‍ഞ്ഞുവീണാണ് ശ്രുതി മരിച്ചതെന്നായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും മൊഴി. എന്നാൽ മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അമ്മ ശ്രീദേവി പറഞ്ഞു.

ശ്രുതിയുടേത് കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്. മുല്ലശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏക മകളായിരുന്നു ശ്രുതി. 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിങ്ങോട്ടുകര കരുവേലി സുകുമാരന്റെ മകൻ അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമായിരുന്നു ശ്രുതിയുടെ മരണം. തുടക്കം മുതൽത്തന്നെ അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് അന്തിക്കാട് പൊലീസ് കൈക്കൊണ്ടതെന്ന് ശ്രുതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.

إرسال تعليق

0 تعليقات