banner

കാത്തിരിപ്പ് അവസാനിച്ചു; തൃശൂർ പൂരം വെടിക്കെട്ട് പൂർത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ മാറി നിന്ന ചെറിയ ഇടവേളയില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് വെടിക്കെട്ട് പെട്ടെന്ന് നടത്തുകയായിരുന്നു. അനിശ്ചിതമായി നീണ്ട വെടിക്കെട്ട്കഴിഞ്ഞതോടെ കൊടും മഴയത്ത് കരിമരുന്നിന് കാവലിരുന്ന ദേവസ്വം അധികൃതര്‍ക്കും പൊലീസിനും ജില്ലാഭരണകൂടത്തിനും ആശ്വാസമായി. വെടിക്കെട്ടിന് പിന്നാലെ തൃശൂര്‍ നഗരത്തില്‍ മഴ ആരംഭിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ടു മണിയോടെ പാറമേക്കാവിന്റെ വെടിക്കെട്ടാണ് ആദ്യം നടന്നത്. തുടര്‍ന്ന് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നു. തേക്കിന്‍ കാട് മൈതാനത്ത് വച്ചാണ് ഇരുകൂട്ടരും രണ്ടായിരം കിലോ വെടിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് നടത്തിയത്. അതേസമയം ഉച്ചസമയത്ത് വെടിക്കെട്ട് നടത്തിയതോടെ വെടിക്കെട്ടിന്റെ ആകാശക്കാഴ്ചകള്‍ പൂരപ്രേമികള്‍ക്ക് നഷ്ടമായി.

കനത്ത മഴ മൂലം മൂന്ന് തവണ മാറ്റിവച്ച ശേഷമാണ് തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടന്നത്. ഇന്ന് രാവിലെയും തേക്കിന്‍കാട് മൈതാനടമക്കം തൃശ്‌സൂര്‍ നഗരത്തില്‍ മഴ പെയ്തിരുന്നു. എന്നാല്‍ പതിനൊന്നു മണിയോടെ മഴ തോര്‍ന്നതോടെ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വൈകുന്നേരം വരെ കാത്തിരിക്കാന്‍ ആലോചനയുണ്ടായെങ്കിലും കാലാവസ്ഥയുടെ കാര്യത്തില്‍ ഒരുറപ്പും ഇല്ലാതെ വന്നതോടെ അതിവേഗം വെടിക്കെട്ടിലേക്ക് കടക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. വെടിക്കെട്ട് നീണ്ടു പോയ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ഇരുദേവസ്വങ്ങളും വെട്ടിക്കെട്ട് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്.

തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതിന് പിന്നാലെ മെയ് പതിനൊന്നിന് പുലര്‍ച്ചെ പൂരം വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാത്രി മഴപെയ്തതോടെ അന്ന് വൈകിട്ട് ഏഴുമണിയിലേക്ക് വെടിക്കെട്ട് മാറ്റിവച്ചു. വൈകിട്ടും മഴ പെയ്തതോടെയാണ് അടുത്ത ദിവസത്തേക്ക് മാറ്റി. മഴ തുടര്‍ന്നതോടെ വെടിക്കെട്ടിനായി പത്ത് ദിവസം കാത്തിരിക്കേണ്ടി വന്നു.

Post a Comment

0 Comments