banner

ഭരണസംവിധാനം മുഴുവൻ വന്നാലും പേടിയില്ല; ജയമുറപ്പെന്ന് ഉമ തോമസ്

തിരുവനന്തപുരം : സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പ്രവര്‍ത്തിച്ചാലും തൃക്കാക്കരയില്‍ പരാജയപ്പെടുമെന്ന ഭയമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പി ടി തോമസിന്റെ വികസനപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ പി ടിക്ക് നല്‍കിയ സ്‌നേഹവും തനിക്കുള്ള വോട്ടുകളായി മാറുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസ്. മന്ത്രിമാര്‍ എക്കാലവും തൃക്കാക്കരയിലുണ്ടാകില്ല. സാധാരണക്കാരായ താനടക്കമുള്ളവെരാകും എന്നും ജനങ്ങളോടൊപ്പം നില്‍ക്കുകയെന്നും ഉമ തോമസ് പറഞ്ഞു.

പി ടിയെ സ്‌നേഹിച്ച, പി ടി സ്‌നേഹിച്ച തൃക്കാക്കരയ്ക്ക് ഒരിക്കലും യുഡിഎഫിനെ കൈയൊഴിയാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് വിജയത്തിനായി ചിലപ്പോള്‍ സര്‍ക്കാര്‍ മുഴുവന്‍ ശക്തിയും സംവിധാനങ്ങളും വിനിയോഗിക്കുമായിരിക്കും. എന്നാല്‍ അതിനൊന്നും എന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ കഴിയില്ല. തൃക്കാക്കരക്കാര്‍ പ്രബുദ്ധരാണ്. ഇത് യുഡിഎഫ് മണ്ഡലമാണ്. യുഡിഎഫ് തന്നെ തുടരും. ഉമ തോമസ് പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണിയുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്.

Post a Comment

0 Comments