banner

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും. ജൂലൈ 31 വരെയാണ് നിരോധനം. മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ട്രോളിംഗ് നിരോധനം 52 ദിവസം നീണ്ടു നില്‍ക്കും.

മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

ട്രോളിങ് നിരോധനകാലയളവിൽ ട്രോളിങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധതൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യറേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സുമെന്റും കോസ്റ്റൽ പോലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിയ്ക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.  

Post a Comment

0 Comments