banner

വെള്ളപ്പൊക്ക ലഘൂകരണത്തിന് ഏകീകൃത കര്‍മ പദ്ധതി തയ്യാറാക്കും - കൊല്ലം ജില്ലാ കളക്ടർ


നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും  നദികളിലെ എക്കലും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനും ഏകീകൃത കര്‍മ പദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. വെള്ളപ്പൊക്ക ലഘൂകരണവുമായി  ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി മാതൃക തയ്യാറാക്കി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറും. താഴ്ന്ന് കിടക്കുന്ന നദീതീരങ്ങള്‍ സംരക്ഷിക്കുകയും ബണ്ട് ഉയര്‍ത്തി ബലപ്പെടുത്തുകയും ചെയ്യും. പുഴകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ്, എക്കല്‍, ചെളി മറ്റ് മാലിന്യങ്ങള്‍ എന്നിവ നീക്കംചെയ്ത് നദിയുടെ സ്വാഭാവിക നീരൊഴുക്ക് ഉറപ്പാക്കും. 

ആറ്റ്‌വഞ്ചി, രാമച്ചം, മുള തുടങ്ങിയവ നട്ടുപിടിപ്പിച്ച് നദീതീരത്തെ മണ്ണിടിച്ചില്‍ ഒഴിവാക്കുകയും പ്രകൃതി സൗഹാര്‍ദ രീതിയില്‍ സംരക്ഷിക്കുകയും ചെയ്യും. കലക്ടര്‍ പറഞ്ഞു.
മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഓടകളില്‍ തടസം ഉണ്ടാകുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. 

പോലീസ്, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ച് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പിഴ ചുമത്തണമെന്നും കളക്ടര്‍  നിര്‍ദ്ദേശം നല്‍കി. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിന്  മുന്‍പും ശേഷവുമുള്ള  സ്ഥിതി വ്യക്തമാക്കുന്ന ഫോട്ടോ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൃത്യമായ ഇടവേളകളില്‍ ഇതുസംബന്ധിച്ച യോഗം ചേരും.  കളക്ടര്‍ പറഞ്ഞു.

ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഐസക്, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എസ്. എസ.് സജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ടോംസ്, ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ശ്രീകല, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി.രാജന്‍, എം.ജി.എന്‍.ആര്‍.ഇ.ജി. എസ.് നോഡല്‍ ഓഫീസര്‍ എച്ച്. സഫീര്‍, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments