banner

വിസ്മയ കേസ്: താൻ തെറ്റൊന്നും ചെയ്തിട്ടില്ല, ഈക്കാര്യങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടതായി വിശ്വസിക്കുന്നെന്ന് പ്രതി കിരൺകുമാർ

താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസമെന്നും വിസ്മയ കേസിലെ പ്രതി കിരൺകുമാർ പറഞ്ഞു. പുറത്തുവന്ന ഡിജിറ്റൽ തെളിവുകളിലുള്ളത് പകുതി ഭാഗം മാത്രം. എന്തിനാണ് വിസ്മയ കരയുന്നത് എന്നതുൾപ്പടെ മുഴുവൻ കാര്യങ്ങളും കോടതിക്കു കേട്ട് ബോധ്യം വന്നിട്ടുണ്ട്. മകൻ നിരപരാധി എന്നും അനുകൂലമായ വിധി ലഭിക്കുമെന്നും കിരണിന്റെ പിതാവ് സദാശിവൻ പിള്ള പറഞ്ഞു. ( Vismaya case: Defendant Kiran Kumar says he has done nothing wrong and believes the court is convinced of these facts )

‘ഡിജിറ്റൽ തെളിവുകളെല്ലാം കട്ട് ചെയ്താണ് ഇടുന്നത്. പൂർണമായിട്ടുള്ള ഓഡിയോ ഉണ്ട്. അതിപ്പോൾ കുറച്ച് പേരുടെ കൈവശം ഉണ്ട്. അതും പ്രചരിക്കുന്നുണ്ട്. അത് കോടതി കേട്ടതാണ്’- കിരൺ പറയുന്നു.

‘ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. നിരപരാധികളാണ്. 150 ശതമാനവും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഡജിറ്റൽ തെളിവിനെ കുറിച്ച് പറയാൻ ഞാൻ അർഹനല്ല. ഏത് വിധേനെയും പോകുമെന്ന് ത്രിവിക്രമൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ എപ്പോഴും എന്റെ മകനൊപ്പമാണ്’-സദാശിവൻ പറയുന്നു.

എന്നാൽ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിതക്കുന്നതെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ പറഞ്ഞു. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ സമയമായതിന് ശേഷം മാത്രം കല്യാണം കഴിപ്പിക്കണം എന്നാണ് സമൂഹത്തോട് പറയാനുള്ളതെന്നും വിസ്മയയുടെ മാതാവ് പറഞ്ഞു.

പ്രതി കിരൺ കുമാറിന് സമൂഹത്തിന് മാതൃകയായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. എല്ലാവർക്കും പാഠമായ ശിക്ഷ തന്നെ കിരണിന് ലഭിക്കുമെന്ന് ത്രിവിക്രമൻ നായർ പറയുന്നു . തങ്ങൾക്ക് ലഭിച്ചത് ഏറ്റവും നല്ല അഭിഭാഷകനെയും ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥനെയുമാണെന്നും അദ്ദേഹം പറഞ്ഞു.

2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് കേരളം.

Post a Comment

0 Comments