banner

വിസ്മയ കേസ്: കോടതി വിധി സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല

കൊല്ലം : വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞാനും അനിതയും അടക്കമുള്ള എല്ലാ മാതാപിതാക്കളും ഈ നാട്ടിലെ എല്ലാ പെണ്‍മക്കളും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും നാളെ നടക്കുന്ന ശിക്ഷാവിധി പ്രഖ്യാപനത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Vismaya case)

ഇങ്ങനെ വിസ്മയയുടെ മരണത്തിന് ശേഷം ദിനംപ്രതിയെന്നോണം പുറത്തുവരുന്ന ശബ്ദസന്ദേശങ്ങള്‍ പ്രതിയുടെ ക്രൂരത അങ്ങേയറ്റം വെളിവാക്കുന്നുണ്ട്. മുഖത്ത് സന്തോഷവും നിറഞ്ഞ ചിരിയുമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിയിട്ട ക്രൂരതയ്ക്ക് തക്കതായ ശിക്ഷ കോടതിയില്‍ നിന്നുണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്.

ആയുര്‍വേദ ഡോക്ടറായും ഒരു വ്യക്തി എന്ന നിലയിലും സമൂഹത്തിന് വേണ്ടി എത്രയോ സേവനങ്ങള്‍ ചെയ്യാന്‍ ഒരുപാട് കാലം ബാക്കിയുണ്ടായിരുന്ന ഒരു ജീവനെയാണ് പണത്തിന്റെയും കാറിന്റെയും പേര് പറഞ്ഞ് കൊല്ലാക്കൊല ചെയ്തത്. സ്ത്രീകളെ സ്ത്രീധനത്തിന് വേണ്ടിയുള്ള ഉപാധിയായി കാണുന്ന കിരണ്‍ കുമാറിനെപ്പോലുള്ളവര്‍ ഈ നാടിന് ശാപമാണ് .

‘കിരണിന്റെ മര്‍ദനത്തില്‍ അവശയായ വിസ്മയ കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി’, ഒപ്പം ഞാനടക്കമുള്ള മാതാപിതാക്കള്‍ ഒരു കാര്യമോര്‍ക്കണം. നമ്മുടെ കൈകളിലും കണ്‍മുന്നിലും ഓടിക്കളിച്ച്‌ വളര്‍ന്ന സ്വന്തം പെണ്‍മക്കളെയാണ് പൊന്നിന്റെ തൂക്കത്തിനും നോട്ടുകെട്ടിന്റെ വലിപ്പത്തിനും കണക്ക് പറയുന്നവര്‍ക്കൊപ്പം അയക്കുന്നത്. അളന്ന് തിട്ടപ്പെടുത്തിയ പൊന്നും പണവുമല്ല പെണ്‍മക്കളുടെ വില എന്ന് ആദ്യം ബോധ്യപ്പെടേണ്ടത് മാതാപിതാക്കള്‍ക്കാണ് .

സ്ത്രീധനമെന്ന പേരില്‍ കിരണ്‍ കുമാറിനെപ്പോലെയുള്ളവര്‍ക്ക് കൊടുക്കുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുക. വിദ്യാഭ്യാസവും ജോലിസ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവുമുള്ളവരായി നമ്മുടെ പെണ്‍മക്കള്‍ വളരട്ടെ. വില പറയാന്‍ കഴിയാത്തത്ര മൂല്യമുള്ളവരാണ് അവരെന്ന് മാതാപിതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം എന്ന് ഒരച്ഛന്‍ എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം, ഒരു ഭീഷണിക്കുമുന്നിലും തളര്‍ന്ന് പോവില്ലായെന്ന് ഓരോ പെണ്‍കുട്ടിയും ഉറച്ച തീരുമാനവുമെടുക്കണം. ഏറെ വേദനയോടെ വിസ്മയയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം- രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു .

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച വിസ്മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റേയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി .

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷാവിധി നാളെ വിധിക്കും. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത് . 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത് .

ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് കോടതിയില്‍ തെളിഞ്ഞത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു .

Post a Comment

0 Comments