banner

ആർ.ഡി.ഓ കോടതിയില്‍നിന്ന് മോഷണം പോയത് 140 പവന്‍; കബളിപ്പിക്കാൻ പകരം മുക്കുപണ്ടം!

തിരുവനന്തപുരം : കളക്ടറേറ്റിലെ ആര്‍.ഡി.ഒ. കോടതിയില്‍നിന്ന് കൂടുതല്‍ സ്വര്‍ണം മോഷണം പോയതായി കണ്ടെത്തല്‍. ചൊവ്വാഴ്ച വരെ പോലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 140 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ലോക്കറിലെ സ്വര്‍ണത്തിന് പകരം മുക്കുപണ്ടംവെച്ച് തട്ടിപ്പ് നടന്നതായും പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരും.

2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ആര്‍.ഡി.ഒ. കോടതിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും 48500 രൂപയുമാണ് നഷ്ടപ്പെട്ടിരുന്നത്. അസ്വാഭാവിക മരണം, ആത്മഹത്യ തുടങ്ങിയ കേസുകളിലെ തൊണ്ടിമുതലുകളാണ് ഇതെല്ലാം. കേസുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടാകുമ്പോഴും അവകാശികള്‍ ഇല്ലെങ്കിലുമാണ് ഇത്തരം കേസുകളിലെ തൊണ്ടിമുതലുകള്‍ ആര്‍.ഡി.ഒ. കോടതിയിലെ ലോക്കറുകളിലേക്ക് മാറ്റുന്നത്. എന്നാല്‍ 2010 മുതല്‍ 2019 വരെ ഈ ലോക്കറുകളില്‍നിന്ന് വ്യാപകമായ മോഷണം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 

ലോക്കറുകള്‍ക്ക് കേടുപാടില്ലാത്തതിനാല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു.
2010-ലെ ഒരു കേസിലെ തൊണ്ടിമുതല്‍ തിരികെ നല്‍കാന്‍ ലഭിച്ച അപേക്ഷയാണ് തട്ടിപ്പു കണ്ടെത്താന്‍ കാരണമായത്. ഈ അപേക്ഷപ്രകാരം ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ട് ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. 

തുടര്‍ന്നാണ് സബ്കളക്ടര്‍ മാധവിക്കുട്ടി ലോക്കറുകളിലെ തൊണ്ടിമുതലുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടത്.1982 മുതല്‍ 2022 വരെയുള്ള 40 വര്‍ഷത്തെ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റുകളാണ് (പണവും സ്വര്‍ണവും സൂക്ഷിക്കുന്ന ലോക്കറുകള്‍) തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് 2010 മുതല്‍ 2019 വരെയുള്ള ഒമ്പതുവര്‍ഷത്തെ തൊണ്ടിമുതലുകള്‍ നഷ്ടമായത് കണ്ടെത്തിയത്. ഇതോടെ പോലീസിലും പരാതി എത്തുകയായിരുന്നു.

72 പവന്‍ സ്വര്‍ണവും 146 ഗ്രാം വെള്ളിയും 48500 രൂപയും നഷ്ടപ്പെട്ടെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് ഇതുവരെ നടത്തിയ പരിശോധനയില്‍ ഇതിനെക്കാളേറെ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് കണ്ടെത്തല്‍. ഇതിനുപുറമേയാണ് മുക്കുപണ്ടംവെച്ച് തട്ടിപ്പ് നടന്നതായും കണ്ടെത്തിയിരിക്കുന്നത്.

മോഷണം നടത്തേണ്ട സ്വര്‍ണാഭരണങ്ങള്‍ പുറത്തെടുത്ത് അതേ മാതൃകയിലുള്ള മുക്കുപണ്ടം നിര്‍മിച്ച് ലോക്കറില്‍ വച്ചെന്നാണ് പോലീസ് നിഗമനം. 2018 മുതല്‍ 2020 ജനുവരി വരെയുള്ള തൊണ്ടിമുതലിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയത്. ലോക്കറിന്റെ കസ്റ്റോഡിയന്‍മാരായി ജോലിനോക്കിയിരുന്ന സീനിയര്‍ സൂപ്രണ്ടുമാരറിയാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടക്കില്ലെന്നാണ് പോലീസ് പറയുന്നത്. 

ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
സ്വര്‍ണം കാണാതായ സംഭവത്തില്‍ സബ്കളക്ടറുടെ അന്വേഷണവും പുരോഗമിക്കുകയാണ്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്ത് റവന്യൂ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഫയല്‍ കൈമാറിയെങ്കിലും ആഭ്യന്തര വകുപ്പില്‍നിന്ന് ഉത്തരവുണ്ടാകാത്തതിനാല്‍ അന്വേഷണം ആരംഭിച്ചിട്ടില്ല.

Post a Comment

0 Comments