banner

മൂന്നു ദിവസങ്ങളിലായി 30 മണിക്കൂര്‍; രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ നാളെയും തുടരും!; ഇഡിക്കെതിരെ എല്ലാ ദിവസവും സമരം തുടരാൻ കോണ്‍ഗ്രസ്

ഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ഇഡി നാളെ തുടരും. മൂന്നു ദിവസങ്ങളിലായി 30 മണിക്കൂര്‍ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാളെയും രാഹുലിനെ ചോദ്യം ചെയ്യുന്നത്.

നാളെ കൊണ്ട് ചോദ്യം ചെയ്യല്‍ അവസാനിക്കാനിടയില്ലെന്നാണ് ഇഡി നല്‍കുന്ന സൂചന. ശനി , ഞായര്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കി തിങ്കള്‍ മുതല്‍ വീണ്ടും ചോദ്യം ചെയ്യല്‍ തുടരാനാണ് ഇപ്പോള്‍ ഇഡി എടുത്തിരിക്കുന്ന തീരുമാനം. രാഹുലിന്റെ അറസ്റ്റിലേക്ക് തല്‍ക്കാലം കാര്യങ്ങള്‍ എത്തിയിട്ടില്ലെങ്കിലും അത് ഒഴിവായി എന്നു പൂര്‍ണമായും ഉറപ്പിക്കാനായിട്ടില്ല.

ചോദ്യങ്ങളോട് രാഹുലിന്റെ പ്രതികരണം വളരെ കരുതലോടെയാണന്നും ആലോചിച്ച് ഉറപ്പിച്ചാണ് പല മറുപടിയും നല്‍കുന്നതെന്നുമാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. പല കാര്യങ്ങളിലും വ്യക്തമായ ഉത്തരം നല്‍കാന്‍ രാഹുലിന് ആകുന്നില്ലെന്നും ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എല്ലാ ദിവസവും സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. എല്ലാ എംപിമാരോടും ഞായറാഴ്ച തന്നെ ഡല്‍ഹിയില്‍ തിരിച്ചെത്താനാണ് പാര്‍ട്ടി നിര്‍ദേശം. മുതിര്‍ന്ന നേതാക്കളോടും ഡല്‍ഹിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട.

എംപിമാരുടെ വീടുകളില്‍ പത്ത് പ്രവര്‍ത്തകരെ വീതം താമസിപ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ തലസ്ഥാനത്ത് എത്തിക്കും. പ്രതിഷേധം ആളിക്കത്തിക്കാനാണ് പാര്‍ട്ടി തീരുമാനം.

Post a Comment

0 Comments