banner

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ഹൈദരാബാദ് : ഹൈദരാബാദില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ബി.ജെ.പി എം.എല്‍.എയായ എം. രഘുനന്ദനെതിരെയാണ് കേസ്.

വിഷയത്തില്‍ നേരത്തെ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഘുനന്ദനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് സുപ്രീം കോടതി മുന്നോട്ട് വെച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്.

ജൂബിലി ഹില്‍സില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കെപ്പെട്ട കുട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് കുരുക്കുവീണേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

’പീഡനത്തില്‍ ഇരയാക്കപ്പെട്ടയാളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് എന്ത് ഉദ്ദേശത്തോട് കൂടിയാണെങ്കിലും നിയമപരമായി കുറ്റമാണ്,’ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കുകയാണെങ്കില്‍ സമാന നടപടി മീഡിയകള്‍ക്കും, കുട്ടി പബ്ബിന്റെ പുറത്തു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച മറ്റുള്ളവര്‍ക്കെതിരേയും കേസെടുക്കേണ്ടിവരുമെന്നും അഭിഭാഷകര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇരയുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ചതിന് സുഭന്‍ എന്ന മാധ്യമപ്രവര്‍ത്തകന് നേരെ കേസെടുത്തിരുന്നു.

Post a Comment

0 Comments