banner

കറികളില്‍ കായം ചേര്‍ക്കാറുണ്ടോ?, ഇല്ലെങ്കിൽ ചേർത്ത് തുടങ്ങിക്കോളു! കാരണമുണ്ട്…


തിരുവനന്തപുരം : കായം എന്നാല്‍ നമുക്ക് മലയാളികള്‍ക്ക് വളരെ സുപരിചിതമായിട്ടുള്ളൊരു ചേരുവയാണ്. സാമ്പാറും രസവും പോലെ മലയാളികളുടെ പല ഇഷ്ടരുചികളിലെയും ചേരുവ കൂടിയാണ് കായം. കായം വെറുമൊരു ചേരുവ, അല്ലെങ്കില്‍ രുചിക്കോ മണത്തിനോ വേണ്ടി മാത്രം കറിയില്‍ ചേര്‍ക്കുന്ന ഘടകം എന്നതിനെക്കാളേറെ ഇതിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്. അത്തരത്തില്‍ കായത്തിനുള്ള പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര.

ഒന്ന്…
കായം ദഹനപ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. പ്രകൃത്യാ ആല്‍ക്കലൈന്‍ ആയതിനാല്‍ ഇത് അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. അതായത് ഗ്യാസ്, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കുന്നു.

രണ്ട്…
ആര്‍ത്തവസംബന്ധമായ വേദന, ആര്‍ത്തവക്രമം തെറ്റുന്നത് എന്നിവ പരിഹരിക്കുന്നതിനും കായം സഹായകമാണ്. കായത്തില്‍ അതിന് ആവശ്യമായിട്ടുള്ള ചില ‘ആന്‍റി – ഇൻഫ്ളമേറ്ററി’ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മൂന്ന്…
രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് ഇന്‍സുലിന്‍ ഹോര്‍മോണ്‍ ആവശ്യമാണ്. ഇത് ഉത്പാദിപ്പിക്കുന്നതോ പാന്‍ക്രിയാസ് എന്ന അവയവവും ആണ്. പാന്‍ക്രിയാസിലെ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാന്‍ കായത്തിന് സാധ്യമാണ്. ഇതുമൂലം ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്താനും സാധിക്കുന്നു.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നി കറികളില്‍ കായം ചേര്‍ത്ത് തന്നെ കഴിച്ച് ശീലിക്കാം. സാമ്പാറിലും രസത്തിലും മാത്രമല്ല, വെണ്ടയ്ക്ക- വഴുതനങ്ങ എന്നിവയെല്ലാം കൊണ്ടുള്ള കറികളിലും പരിപ്പ് പോലുള്ള പയറുവര്‍ഗങ്ങളിലും മസാല വിഭവങ്ങളിലുമെല്ലാം കായം ചേര്‍ക്കാവുന്നതാണ്. അതുപോലെ തന്നെ തക്കാളിച്ചോറ്, ലെമണ്‍ റൈസ് പോലുള്ള വിഭവങ്ങളിലും കായം ചേര്‍ക്കാം. വളരെ മിതമായ അളവില്‍ മാത്രം ഇത് ചേര്‍ത്താല്‍ മതിയാകും. അല്ലാത്തപക്ഷം രുചിയില്‍ വലിയ വ്യത്യാസം വന്നേക്കാം.

Post a Comment

0 Comments