banner

അഗ്നിപഥ്: സൈനികരെ റിക്രൂട്ട് ചെയ്യുന്നത് ആര്‍എസ്എസോ മോദിജിയുടെ ആളോ അല്ലെന്ന് മേജര്‍ രവി

സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥില്‍ ആര്‍എസ്എസ് റിക്രൂട്ട്‌മെന്റ് ആരോപണം തെറ്റെന്ന് മേജര്‍ രവി. ഏത് പാര്‍ട്ടിക്കാര്‍ പറഞ്ഞാലും ഈ ആരോപണം ശുദ്ധ അംസബന്ധമാണ്. പട്ടാളത്തില്‍ സൈനികരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നത് ആര്‍എസ്എസോ മോദിജി പറഞ്ഞയക്കുന്ന ആളോ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

‘സൈനികരുടെ റിക്രൂട്ട്‌മെന്റ് പട്ടാളത്തില്‍ നിയമിതനായ ആളാണ് തീരുമാനിക്കുന്നത്. ഇങ്ങനെ ചേരുന്ന വ്യക്തികളുടെ ജാതിയോ മതമോ നോക്കിയല്ല പട്ടാളത്തിലേക്കെടുക്കുന്നത്. ഈ ആരോപണങ്ങളെല്ലാം തീര്‍ത്തും തെറ്റാണെന്നും മേജര്‍ രവി പറഞ്ഞു. സ്വകാര്യ വാർത്താ ചാനലിലെ ചർച്ചയിലായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

അതേസമയം അഗ്നിപഥിനെ ചൊല്ലി രാജ്യത്ത് പലയിടത്തും പ്രതിഷേധം വലിയ ആക്രമണങ്ങളിലേക്ക് കടക്കുകയാണ്. ബിഹാറിലും ഹരിയാനയിലുമാണ് സംഘര്‍ഷം രൂക്ഷം. ഇന്ന് മാത്രം 10 ട്രെയിനുകള്‍ക്ക് അക്രമകാരികള്‍ തീയിട്ടു. മധേപുരയിലെ ബിജെപി ഓഫിസിനും പ്രതിഷേധക്കാര്‍ തീയിട്ടു. നസറാമില്‍ സംഘര്‍ഷത്തിനിടെ പൊലീസുകാരന്റെ കാലിന് വെട്ടേറ്റു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിഹാറില്‍ മറ്റന്നാള്‍ വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി 35 ട്രെയിനുകളാണ് ആകെ റദ്ദുചെയ്തത്. ഉത്തര്‍പ്രദേശിലെ ഫിറോസ്പൂര്‍, വാരണാസി എന്നിവിടങ്ങളില്‍ നിരവധി സര്‍ക്കാര്‍ ബസുകള്‍ തകര്‍ത്തു. അലിഗഢിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതിഷേധക്കാര്‍ വാഹനത്തിന് തീയിട്ടു.

Post a Comment

0 Comments