ബീഹാറിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. രണ്ട് ട്രെയിനുകൾക്ക് സമരാനുകൂലികൾ തീയിട്ടു. ന്യൂഡൽഹി-ഭഗൽപൂർ വിക്രംശില എക്സ്പ്രസിനും ന്യൂഡൽഹി-ദർഭംഗ ബീഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസുമാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. ലഖിസരായ്, സമസ്തിപൂർ റെയിൽവേ സ്റ്റേഷനുകളിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധക്കാർ സംസ്ഥാനത്തെ ഹൈവേകൾ തടയുകയും ചെയ്തു അഗ്നിപഥിനെതിരെ സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. ബുക്സറിനും കഹൽഗോണിനും ഇടയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിക്രമശില എക്സ്പ്രസിൻ്റെ 12 ബോഗികളും സമ്പർക്ക് ക്രാന്തി എക്സ്പ്രസിൻ്റെ 8 ബോഗികളുമാണ് അഗ്നിക്കിരയായത്. 20 ട്രെയിനുകൾ നിർത്തലാക്കി.
അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. തുടക്കത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും ആളുകൾ പ്രതിഷേധം തുടർന്നു. തുടർന്ന് വെടിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പൊലീസ് ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതര പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെക്കന്ദരാബാദിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിലെ ആദ്യ മൂന്ന് പ്ലാറ്റ്ഫോമുകൾ പ്രതിഷേധക്കാർ കയ്യേറുകയും ട്രെയിൻ ബോഗികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. അതേസമയം, യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ് ഇതെന്ന് റെയിൽവേ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാൽ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കാനും, ഇത് പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യർത്ഥിക്കുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സർക്കാർ ശ്രമങ്ങൾ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ കുറച്ചു. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.
0 Comments