മാറുന്ന ലോകത്തിൽ ഈ കാര്യമത്ര ചെറുതല്ല ജൂൺ മൂന്ന് ലോക സൈക്കിൾ ദിനമാണെന്നും സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കണമെന്നുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് സർക്കാർ ഹൈസ്കൂൾ അഷ്ടമുടിയിലെ വിദ്യാർത്ഥികൾ പ്രധാനാധ്യാപകൻ അബ്ദുൽ ഷുക്കൂറിൻ്റെയും സഹ അധ്യാപകരുടെയും നേതൃത്വത്തിൽ മഞ്ചാടി മുക്കിലേക്കും തിരികെ സ്കൂളിലേക്കും സവാരി നടത്തിയത്.
ചെറിയ ദുരത്തേക്ക് പോകാൻ പോലും വാഹനങ്ങൾ മറ്റും എടുത്ത് ഇറങ്ങുന്ന വലിയൊരു സമൂഹത്തിന് അവബോധം നൽകുക ലക്ഷ്യമാക്കിയാണ് അഷ്ടമുടി സ്കൂൾ അധികൃതർ സൈക്കിൾ സവാരി സംഘടിപ്പിച്ചത്. അന്തരീക്ഷ മലിനീകരണം മൂലം ഒരു വർഷം ലോകത്ത് 90 ലക്ഷം പേരെങ്കിലും മരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഷ്ടമുടി സ്കൂൾ വിദ്യാർത്ഥികൾ വിചാരിച്ചാൽ ഇതെല്ലാം തടയാൻ കഴിയില്ലെങ്കിലും സ്വന്തം വീട്ടിലും പരിസരത്തുമുള്ളവരുടെ ചെറിയ കാര്യങ്ങൾക്ക് പോലും അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ കുറച്ചു നേരമെങ്കിലും പാർക്കിംഗിൽ തുടരുമല്ലോ?.
അന്തരീക്ഷ മലിനീകരണത്തിനെതിരെ മാത്രമല്ല, മാറുന്ന കാലത്തെ ഭക്ഷണ ശീലങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഏറെ ആരോഗ്യകരമല്ലാത്ത വണ്ണം കൊണ്ട് പരീക്ഷിക്കുകയാണ്. പ്രത്യകിച്ച് ഈ കഴിഞ്ഞ കൊവിഡ് കാലങ്ങളിൽ. ഇതിനെല്ലാം പരിഹാരം വ്യായാമം തന്നെയാണ് അതിന് നല്ലൊരു മാർഗ്ഗം സൈക്കിൾ സവാരി ദിനചര്യയിലുൾപ്പെടുത്തുക എന്നുള്ളതും പ്രധാനാധ്യാപകൻ അബ്ദുൽ ഷുക്കൂർ പറയുന്നു.
മാത്രമല്ല സ്കൂൾ അങ്കണത്തിൽ സജ്ജമാക്കിയ പ്രത്യക സ്ഥലത്ത് സൈക്കിൾ സ്ലോ റെയിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും വിദ്യാർത്ഥികൾക്ക് അന്തരീക്ഷ മലീനികരണം കുറയ്ക്കാൻ സൈക്കിൾ എങ്ങനെ സഹായിക്കും എന്നും ആരോഗ്യപരമായി സൈക്കിൾ സവാരിയുടെ നല്ല വശങ്ങളും സംബന്ധിച്ചും വിദ്യാർത്ഥികൾക്ക് അവബോധവും നൽകിയാണ് അദ്ധ്യാപകർ അവരെ വീട്ടിലേക്കയച്ചത്.
0 Comments