banner

പ്രവാചക നിന്ദ: ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല, കേന്ദ്രം മാപ്പ് പറയണം - സമസ്ത

കോഴിക്കോട് : പ്രവാചക നിന്ദക്കെതിരെയും മത വിദ്വേഷ പ്രചാരണത്തിനെതിരെയും കര്‍ശന നിയമ നടപടിയെടുക്കണമെന്ന ആവശ്യവുമായി സമസ്ത രംഗത്ത്. സമസ്ത കേരള ജംഇയ്യത്തുള്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരാണ് വിഷയത്തില്‍ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ യശസിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും നിരന്തരം ഉണ്ടാകുന്നത് അപലപനീയമാണെന്നും നേതാക്കൾ പറഞ്ഞു.

ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രസ്താവന അത്യന്തം ഖേദകരവും അപലപനീയവുമാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താക്കളുടെ ഇത്തരത്തിലുള്ള പ്രസ്താവന ഒറ്റപ്പെട്ട സംഭവങ്ങളായി കാണാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിതെന്നും സമസ്ത ആരോപിച്ചു.വിഷയത്തില്‍ പാര്‍ട്ടി നടപടി കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പ് പറയണം. പ്രവാചക നിന്ദക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണം. 

നടപടികള്‍ സ്വീകരിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ യശസിനും അഭിമാനത്തിനും ഇന്ത്യക്കുണ്ടായ കുറവ് പരിഹരിക്കണമെന്നും നേതാക്കാള്‍ ആവശ്യപ്പെട്ടു.ബിജെപി നേതാക്കളായ നവീന്‍ ജിന്‍ഡാലിന്റേയും നുപുര്‍ ശര്‍മ്മയുടേയും പ്രസ്താവനയ്‌ക്കെതിരെ പതിമൂന്നോളം രാജ്യങ്ങള്‍ ഇതുവരെ രംഗത്തെത്തിക്കഴിഞ്ഞു. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്‌റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. വാണിജ്യ വ്യവസായ രംഗത്ത് ഈ രാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കേന്ദ്ര സർക്കാർ. ഈ രാജ്യങ്ങളെ നയതന്ത്ര തലത്തില്‍ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചു.

ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിട്ടുണ്ട്. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിംകള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിരുന്നു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഖേദപ്രകടനത്തില്‍ നുപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

إرسال تعليق

0 تعليقات