ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും ജലാംശത്തിന്റെയും ധാതുലവണങ്ങളുടെയും അളവുകള്‍ ക്രമീകരിക്കുകയും ചെയ്യുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും വൃക്കകള്‍ സഹായിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ വൃക്കകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ പോകാറുണ്ട്. അവസാന ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോഴായിരിക്കും പലര്‍ക്കും വൃക്കരോഗമുണ്ടെന്ന് മനസ്ലിലാകുന്നതുതന്നെ. ഇതിനാല്‍ നിരന്തരമായ പരിശോധനകള്‍ വൃക്കരോഗമുണ്ടോ എന്ന് കണ്ടു പിടിക്കാന്‍ ആവശ്യമാണ്.
പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതവണ്ണം, കുടുംബത്തില്‍ വൃക്കരോഗ ചരിത്രം എന്നിവയുള്ളവര്‍ ഇടയ്ക്കിടെ കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണെന്ന് വൈറ്റസ്‌കെയര്‍ ഡയാലിസിസ് സെന്റര്‍ സഹസ്ഥാപകന്‍ ഡോ. സൗരഭ് പോഖ്‌റിയാല്‍ എച്ച്ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ കൂടുതല്‍ നാശം വൃക്കകള്‍ക്ക് വരാതെ നോക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടങ്ങളില്‍ വൃക്കരോഗം കണ്ടെത്തുന്നവര്‍ക്ക് ചില ജീവിതശൈലി മാറ്റങ്ങളിലൂടെ രോഗത്തിന്റെ വേഗത കുറയ്ക്കാനാകുമെന്നും ഡോ. സൗരഭ് ചൂണ്ടിക്കാട്ടി. ഇതിനായി അദ്ദേഹം ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.
നിത്യവുമുള്ള വ്യായാമം:
ദിവസവും അര മണിക്കൂര്‍ വ്യായാമത്തിനായി നീക്കി വയ്ക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും സഹായകമാണ്. രക്തസമ്മര്‍ദവും പ്രമേഹവും വൃക്കരോഗത്തിന്റെ രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണ്. ഇവ രണ്ടും വ്യായാമത്തിലൂടെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് വൃക്കകളെയും സംരക്ഷിക്കും. നടത്തം, ഓട്ടം, സൈക്ലിങ് തുടങ്ങിയ എയറോബിക് വ്യായാമ മുറകള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
അനാവശ്യമായ മരുന്ന് ഉപയോഗം നിയന്ത്രിക്കണം:
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങി തിന്നുന്നതും വൃക്കകള്‍ക്ക് അപകടമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വേദനസംഹാരികളും മറ്റും ദീര്‍ഘകാലം ഉപയോഗിക്കുന്നത് വൃക്കകളെ നശിപ്പിക്കും വേദന അസഹനീയമാണെങ്കില്‍ മാത്രമേ വേദനസംഹാരി ഉപയോഗിക്കാവൂ. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന മാറാതെ തുടര്‍ന്നാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.
രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കുക:
പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നത് വൃക്കരോഗത്തിന്റെ വേഗത കുറയ്ക്കും. പ്രമേഹമുള്ളവര്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഏതൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റിന്റെ വിദഗ്ധ നിര്‍ദ്ദേശം തേടുക. പ്രമേഹ മരുന്നുകളും ഇന്‍സുലിനും ഭക്ഷണ നിയന്ത്രണവും സംബന്ധിച്ച് ഡോക്ടറുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുകയും വേണം.
രക്തസമ്മര്‍ദം നിയന്ത്രിക്കാം:
ഒരു പരിധിയില്‍ താഴെ നിലനിര്‍ത്തുന്നത് വൃക്ക രോഗത്തിന്റെ വേഗത കുറയ്ക്കും. ആരോഗ്യകരമായ ഭാരം, വ്യായാമം, ധ്യാനം, ഉപ്പിന്റെയും മദ്യത്തിന്റെയും ഉപയോഗം കുറയ്ക്കല്‍, പുകവലി ഒഴിവാക്കല്‍ തുടങ്ങിയ ശീലങ്ങള്‍ രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. ഇതിന് പുറമേ ചിലപ്പോള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും കഴിക്കേണ്ടി വന്നേക്കാം.
0 Comments