banner

ആദ്യം എം.ഡി.എം.എ ഇന്നലെ കഞ്ചാവ്?; അഞ്ചാലുംമൂട്ടിൽ പുരപ്പുറത്തെ കഞ്ചാവ് കൃഷി എക്സൈസ് പിടികൂടി!

തൃക്കരുവ : വാടകയ്ക്കു താമസിച്ചു വന്ന വീടിന്റെ പുരപ്പുറത്ത് കഞ്ചാവു നട്ടു വളർത്തിയ യുവാവ് പിടിയിലായി. തൃക്കരുവ പ്രാക്കുളം അനീഷ്ഭവനിൽ അനീഷ് രാജനെ(29)യാണ് കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പിടികൂടിയത്. ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് തൃക്കരുവ പഞ്ചായത്തിൻ്റെ പരിധിയിലെ മറ്റൊരു സ്ഥലത്ത് പാർട്ടി ഡ്രഗ്ഗായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായത്. ഇതിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

പിടിയിലായ അനീഷ് വാടകയ്ക്ക് താമസിച്ചു വന്ന വീടിന്റെ ടെറസിലാണ് ചെടിച്ചട്ടിക്കുള്ളിൽ നട്ടു വളർത്തിയ നിലയിൽ രണ്ടു കഞ്ചാവു ചെടികൾ കണ്ടെത്തിയത്. ചെടികൾക്ക് ഒരുമീറ്ററോളം ഉയരംവരും. ഇയാൾ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. 

കഞ്ചാവ് പുറത്തുനിന്നു ലഭിക്കാത്ത സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി നട്ടതാണെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി എക്സൈസ് സംഘം പറഞ്ഞു. ഒട്ടേറെപ്പേർ യുവാവിന്റെ വീട്ടിൽ രാത്രികാലങ്ങളിൽ എത്താറുണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു. 

സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്.ഷാജി, ഇന്റലിജൻസ് ഇൻസ്പെക്ടർ ജി.ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ആർ.മനു, ഷെറഫുദ്ദീൻ, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്, നിധിൻ, ജൂലിയൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments