banner

പച്ചക്കറി വിൽപ്പനയുടെ മറവിൽ കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

കൽപ്പറ്റ:  പച്ചക്കറി വിൽപ്പനയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കൽപ്പറ്റ എമിലിയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ തലശ്ശേരി ചിറക്കര ചമ്പാടാൻ വീട്ടിൽ ജോസ് എന്ന മഹേഷാണ് എക്സൈസിന്റെ പിടിയിലായത്. 

ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 530 ഗ്രാം കഞ്ചാവും 3000 രൂപയും പിടിച്ചെടുത്തു. പച്ചക്കറി വിൽപ്പന നടത്തുന്നുവെന്ന വ്യാജേന സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കലായിരുന്നു ഇയാളുടെ പ്രധാന പരിപാടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എൻഡിപിഎസ് ആക്ട് പ്രകാരം പ്രതിയെ കൽപ്പറ്റ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി പി അനൂപ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ എം എ രഘു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എ സുനിൽകുമാർ, വി കെ വൈശാഖ്, സി കെ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

മാസങ്ങൾക്ക് മുമ്പ് പച്ചക്കറി വണ്ടിയിൽ ഹാൻസ് അടക്കമുള്ള ലഹരിവസ്തുക്കൾ കടത്തുന്നതിനിടെ മുത്തങ്ങ ചെക്‌പോസ്റ്റിൽ യുവാക്കൾ പിടിയിലായിരുന്നു. കർണാടക-തമിഴ്‌നാട് അതിർത്തിയിലും പച്ചക്കറി ചാക്കിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവം ഉണ്ടായിരുന്നു. വലിയ ലോറികളിൽ പച്ചക്കറി പോലുള്ള ലോഡിനൊപ്പം ഹാൻസ് അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തുന്നതായി ആരോപണമുണ്ടെങ്കിലും വലിയ വാഹനങ്ങൾ യഥാവിധി പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒന്നും തന്നെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ ഇല്ല.

Post a Comment

0 Comments