ഇന്ന് മുതൽ ജുവനൈൽ ഹോമിൽ കുട്ടിക്കുറ്റവാളികളെ പോലീസ് ചോദ്യം ചെയ്യും. ഇവരുടെ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യൽ.
ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർ പ്രായപൂർത്തിയാകാത്ത പ്രതികളുടെ മൊഴി രേഖപ്പെടുത്തും. ഇവരെ ചോദ്യം ചെയ്യുന്നതിന് സാധാരണ വസ്ത്രം ധരിച്ചെത്താൻ ജുവനൈൽ ബോർഡ് പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
മേയ് 28 ന് 17 കാരി കാറിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കുട്ടുക്കുറ്റവാളികളുടെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടതും ബോർഡ് അനുവദിച്ചതും.
കേസിലെ പ്രധാന പ്രതിയെ പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയ ദിവസമാണ് ജുവനൈൽ ബോർഡിന്റെ ഉത്തരവ്. മുതിർന്ന പ്രതിയായ സഅദുദ്ദീൻ മാലിക്കിന്റെ കസ്റ്റഡി സിറ്റി കോടതി അനുവദിച്ചതിന് തൊട്ടുപിന്നാലെ ജൂബിലി ഹിൽസ് പോലീസ് ചഞ്ചൽഗുഡ സെൻട്രൽ ജയിലിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
പെൺകുട്ടിയുടെ കഴുത്തിലെ മുറിവിൽ സംശയം തോന്നിയ പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് കൂട്ടബലാത്സംഗ സംഭവം പുറത്തറിയുന്നത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
0 Comments