banner

മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷ, റോഡുകൾ അടച്ചു; പത്ത് അകമ്പടി വാഹനങ്ങൾ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്ക് വന്‍ സുരക്ഷാ സന്നാഹം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും പാസ് ഏര്‍പ്പെടുത്തി. ഒരു മണിക്കൂര്‍ മുമ്പ് പ്രവേശിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ സിപിഎമ്മിന്റെ പോഷകസംഘടനയുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. 

11 മണിക്കാണ് മുഖ്യമന്ത്രിയുടെ പരിപാടി തുടങ്ങുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഒരു മണിക്കൂര്‍ മുമ്പ് ഹാളിനുള്ളില്‍ പ്രവേശിച്ചിരിക്കണം. ഒമ്പതുമണിയോടെ സംഘാടക സമിതി ഓഫീസില്‍ നിന്നും പാസ് വിതരണം ചെയ്യും. ഇത് കയ്യിലുള്ളവരെ മാത്രമേ ഹാളിലേക്ക് കയറ്റൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
സാധാരണ ഗതിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി എസ്പിജി സുരക്ഷ നല്‍കുന്ന വിവിഐപികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കാണ് ഇത്തരത്തില്‍ പാസ് നല്‍കി പ്രവേശനം നടത്തുന്നത്. 

കേരളത്തില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഇതേവരെ ഇത്തരമൊരു നിയന്ത്രണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ തന്നെ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. ഗസ്റ്റ് ഹൗസില്‍ നിന്നും പരിപാടി നടക്കുന്ന ഹാള്‍ വരെയുള്ള റോഡുകളിലെല്ലാം പൊലീസിനെ വിന്യസിച്ചു. പൊലീസിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തി വിലയിരുത്തുകയും ചെയ്തിരുന്നു. 

കോട്ടയം നഗരത്തിലും പൊലീസ് സുരക്ഷ ശക്തമാക്കി. ജനറൽ ആശുപത്രിയുടെ ​​ഗെയ്റ്റും പൂട്ടി. വാഹനങ്ങളെല്ലാം വഴിതിരിച്ചു വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ വര്‍ധിപ്പിച്ചത്. 

കോട്ടയത്തെ അതീവ സുരക്ഷാ നടപടികളെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. പൊലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനുള്ളിലൊളിച്ചിരിക്കുകയാണ്. മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. ഡല്‍ഹിയില്‍ നരേന്ദ്രമോദി ചെയ്യുന്നതെന്തോ അതു തന്നെയാണ് പിണറായി വിജയന്‍ കേരളത്തില്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Post a Comment

0 Comments