banner

സംസ്ഥാനത്ത് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്; എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു

തിരുവനന്തപുരം : വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്ത സംഭവത്തിൽ സംസ്ഥാനമാകെ പ്രതിഷേധം. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായി.

എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസാണ് മാർച്ച് നടത്തുന്നത്.
കോട്ടയത്തുണ്ടായ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സംഘർഷത്തിൽ കലാശിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

കോഴിക്കോട്ട് മാനാഞ്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പാലക്കാട്ടും കൊച്ചിയിലും കൊല്ലത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വാളയാർ–വടക്കഞ്ചേരി ദേശീയ പാത ഉപരേ‍ാധിച്ച എംഎൽഎ ഉൾപ്പെടെയുളള പ്രവർത്തകരെ പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കി. കൊച്ചിയിൽ ടയർ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

വയനാട്ടിലെ കോൺഗ്രസ്, സിപിഎം ഓഫീസിന് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചാണ് അദ്ദേഹത്തിന്റെ കല്പറ്റ സന്ദർശനം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരയുണ്ടായ ആക്രമണത്തിൽ കേരളത്തിൽ മുഴുവനും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.

Post a Comment

0 Comments