banner

'മുഖ്യമന്ത്രിയെ വധിക്കണമെന്ന് ഗൂഢാലോചന നടത്തി'; നിങ്ങളെ ഞങ്ങൾ വച്ചേക്കില്ലെടാ എന്ന് പറഞ്ഞ് വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെ പ്രതികൾ പാഞ്ഞടുത്തുവെന്ന് എഫ്ഐആർ

തിരുവനന്തപുരം : രാഷ്ട്രീയ വൈരാഗ്യത്താൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആർ. വലിയതുറ പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്കൊപ്പം ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയെ വധിക്കണമെന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. രാഷ്ട്രീയവൈരാഗ്യത്താലാണ് ഇത്തരത്തിലൊരു ശ്രമം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയത്.

സീറ്റ് ബെൽറ്റ് ധരിക്കാതെയും വിമാനത്തിലെ ക്രൂവിന്‍റെ നിർദേശങ്ങൾ പാലിക്കാതെയും പ്രതികൾ വിമാനത്തിനകത്ത് വച്ച് മുദ്രാവാക്യം വിളിച്ചു. നിങ്ങളെ ഞങ്ങൾ വച്ചേക്കില്ലെടാ എന്ന് പറഞ്ഞ് 20 എ എന്ന സീറ്റിലിരുന്ന മുഖ്യമന്ത്രിക്ക് നേരെ പ്രതികൾ പാഞ്ഞടുത്തുവെന്നും എഫ്ഐആർ പറയുന്നു.

വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments