banner

ആര്‍എസ്‌എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നതായി ഡിവൈഎഫ്‌ഐ

പത്തനംതിട്ട : ആര്‍എസ്‌എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നതായി ആരോപണം.
ജില്ലയിലെ ആര്‍എസ്‌എസ് ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആണ് രംഗത്തെത്തിയിരിക്കുന്നത്. കോന്നി എലിയറയ്ക്കലിലെ ബാലികാ സദനത്തില്‍ ദലിത് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണം. പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പ്രാഥമിക വിവരം. 2017ലും കോന്നിയിലെ സ്ഥാപനത്തില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ആര്‍എസ്‌എസ് നിയന്ത്രണത്തില്‍ പുല്ലാട് പ്രവര്‍ത്തിക്കുന്ന ശിവപാര്‍വതി ബാലിക സദനത്തില്‍ നിന്നും പീഡനം സഹിക്കവയ്യാതെ രണ്ട് പണ്‍കുട്ടികള്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ചുറ്റുംകൂടിയ നാട്ടുകാര്‍ക്കിടയില്‍ നിന്നും ബൈക്കിലും, കാറിലുമായെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ ബലമായി വീണ്ടും ബാലികാ സദനത്തിലെത്തിക്കുകയായിരുന്നു. 

ജീവിതദുരിതം പേറുന്ന കുട്ടികളെ സംരക്ഷിക്കാമെന്ന പേരില്‍ ആര്‍എസ്‌എസ് നടത്തുന്ന ബാലസദനങ്ങളുടെ സാമ്പത്തിക  സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ആര്‍എസ്‌എസ് സ്ഥാപനങ്ങളില്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക വേര്‍തിരിവുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

ബാലമന്ദിരങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ പ്രത്യേക അന്വേഷണം നടത്തി സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണം. പൊതുജനങ്ങളുമായി ബന്ധമില്ലാത്ത നിഗൂഢകേന്ദ്രങ്ങളായി ബാലാശ്രമങ്ങള്‍ മാറുന്ന സഹചര്യത്തില്‍ ഇവിടങ്ങളിലെ അന്തേവാസികളെ സുരക്ഷിത സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്ന് ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാര്‍, ജില്ലാ ട്രഷറര്‍ എം അനീഷ്‌കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ ജില്ലാ കമ്മിറ്റി അംഗം എന്‍ എസ് രാജീവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments