banner

മാടുകളെ എത്തിക്കുമ്പോള്‍ ഗുണ്ടാ പിരിവ്‌; നടപടി സ്വീകരിക്കാന്‍ ആന്ധ്ര, തമിഴ്‌നാട്‌ സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിൻ്റെ കര്‍ശന നിര്‍ദേശം

കോട്ടയം: ആന്ധ്രാപ്രദേശില്‍ നിന്നു മാടുകളെ സംസ്‌ഥാനത്തേക്കു എത്തിക്കുമ്പോഴുള്ള ഗുണ്ടാപ്പിരിവിനെതിരേ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആന്ധ്ര, തമിഴ്‌നാട്‌ സര്‍ക്കാരുകള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

വിഷയത്തില്‍, കേരളാ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു മുൻപ് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നും ഇതേ വിഷയത്തില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ കേന്ദ്രം കര്‍ശന ഇടപെടലുമായി രംഗത്തെത്തിയിരിക്കുന്നത്‌.

മീറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ എം.എ.സലിം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ആന്ധ്രയില്‍ നിന്നു കേരളത്തിലേക്കു മാടുകളെ കൊണ്ടുവരുമ്പോള്‍ ലോഡ്‌ ഒന്നിനു തമിഴ്‌നാട്ടില്‍ 20,000 രൂപ വരെ ഗുണ്ടാഫീസായി വാങ്ങിയിരുന്നു.

ആന്ധ്രയില്‍ ഇതു ലക്ഷങ്ങളായിരുന്നു.
കൊണ്ടുവരുന്നതിനിടെ, മാടുകളെ തട്ടിയെടുക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. ഇതിനെതിരേയാണു മൂന്നു വര്‍ഷം മുൻപ് എം.എ. സലിം പ്രധാനമന്ത്രിയുടെ ഓഫീസിനു പരാതി നല്‍കിയത്‌. പരാതി നല്‍കിയതിനു പിന്നാലെ, പരാതിക്കാരനെതിരേ വധഭീഷണി വരെ ഉയര്‍ന്നിരുന്നു.

തുടര്‍ന്നു വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രം കേരളത്തിനു നിര്‍ദേശം നല്‍കി. സംസ്‌ഥാന ഡി.ജി.പിയുടെയും കോട്ടയം ജില്ലാ പൊലീസ്‌ മേധാവിയുടെയും ഓഫീസ്‌ പരാതിക്കാരനില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, സംസ്‌ഥാനാന്തര വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്നു ഒടുവില്‍ അറിയിക്കുകയായിരുന്നു.ഇതേത്തുടര്‍ന്ന്‌ പരാതിക്കാരന്‍ വീണ്ടും പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയായിരുന്നു. ഈ വിഷയത്തിലാണ്‌ ആന്ധ്രയും തമിഴ്‌നാടും വിശദമായി അന്വേഷിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്‌.
പരാതി ഉയര്‍ന്നപ്പോള്‍ ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. പിന്നീട്‌, തമിഴ്‌നാട്ടിലെ നേതാക്കളിലൊരാളെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും തമിഴ്‌നാട്ടിലെ ഉന്നത രാഷ്‌ട്രീയത്തിലൊരാളുടെ നേതൃത്വത്തില്‍ വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമായിട്ടുണ്ട്‌.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments