അഞ്ചാലുംമൂട് : കടവൂർ ബൈപ്പാസിലെ തട്ടുകട പോലീസ് തകർത്തെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് പോലീസ്. അനധികൃതമായ നിർമിതിയാണെങ്കിൽ പോലും മനുഷ്യത്വരഹിതമായ നടപടി പോലീസ് സ്വീകരിക്കില്ല, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സി.ഐ സി. ദേവരാജൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു.
കടവൂർ ബൈപ്പാസിൽ മങ്ങാട് പാലത്തിന് സമീപം പ്രവർത്തിക്കുന്ന തട്ടുകട പോലീസ് തകർത്തു എന്നാണ് വാർത്ത. എന്നാൽ പോലീസിൻ്റെ അധികാര പരിധിയിൽപ്പെടുന്ന കാര്യമല്ല ഇതെന്നും, കോർപ്പറേഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് പോലീസ് അവിടെയെത്തിയതെന്നും സ്റ്റേഷൻ വൃത്തങ്ങൾ പറഞ്ഞു.
വാർത്തയിൽ ഉന്നയിക്കുന്നത് പോലെ നടപടിക്രമങ്ങൾക്കായി പോലും സി.ഐ അവിടെ എത്തിയിരുന്നില്ല എന്നതാണ് സത്യം. മാത്രമല്ല ആ സ്ഥലം ഒഴിയാൻ കോർപ്പറേഷൻ ആവശ്യപ്പെട്ടപ്പോൾ അവർ താല്പര്യപ്പെട്ടത് പ്രകാരം ഒഴിഞ്ഞു മാറാൻ അധിക സമയവും ഉദ്യോഗസ്ഥർ നൽകി. പക്ഷെ അടിസ്ഥാന രഹിതമായ വാർത്തയ്ക്ക് പിന്നിലെ ഹിതമെന്താണെന്ന് അറിയില്ലെന്നും പോലീസ് അധികാരികൾ വ്യക്തമാക്കി.
'അപകട സാധ്യത ഏറിയ ആ ഭാഗത്ത് നിന്ന് കട ഒഴിവാക്കണമെന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ട് പ്രകാരം കോർപ്പറേഷൻ അധികാരികളാണ് കട ഒഴിപ്പിക്കാൻ പോലീസിൻ്റെ സഹായം തേടിയത്. എസ്.ഐ ഉൾപ്പെട്ട സംഘം അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും ദയവ് ചെയ്ത് ഈ ഭാഗത്ത് നിന്ന് കട ഒഴിവാക്കണമെന്ന് അറിയിക്കുകയും ആയിരുന്നു. ഇവർ കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി കട ഒഴിയാൻ സാവകാശം കോർപ്പറേഷൻ അധികാരികളോട് ആവശ്യപ്പെട്ടു. അധികാരികൾ ഈക്കാര്യം സമ്മതിക്കുകയും ചെയ്തു. പിന്നാലെയാണ് ഈ വാർത്തയെത്തിയത്. നിയമം നടപ്പിലാക്കുക എന്നത് എൻ്റെ കർത്തവ്യമാണ്. മനുഷ്യത്വരഹിതമായ നടപടി പോലീസ് ഒരിക്കലും സ്വീകരിക്കില്ല. മാത്രമല്ല വാർത്തയിൽ ആരോപിക്കുന്നത് പോലെ ഒരു തവണ പോലും ഞാൻ അവിടെ ചെന്നിട്ടില്ല. ആരോപണങ്ങൾ വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്' - അഞ്ചാലുംമൂട് സി.ഐ സി. ദേവരാജൻ അഷ്ടമുടി ലൈവിൻ്റെ അഭ്യർത്ഥന മാനിച്ച് പ്രതികരിച്ചു.
0 Comments