Latest Posts

കായംകുളം ടൗൺ യുപി സ്കൂളിൽ ഭക്ഷ്യവിഷബാധ: അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ്.

ആലപ്പുഴ : പതിനഞ്ചോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ കായംകുളം ടൗൺ യുപി സ്കൂളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ചു. ഭക്ഷണം പാകം ചെയ്ത അടുക്കളയിലും ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ അപാകതകൾ കണ്ടെത്തിയിട്ടില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ റഷീദ് പറഞ്ഞു. 

ഇന്നലെ ഉച്ചക്ക് ശേഷം സ്കൂളിൽ നിന്ന് വന്നയുടനെ കുട്ടികൾക്ക് ഛർദ്ദി തുടങ്ങി. ആശുപത്രിയിൽ പോയെങ്കിലും രാവിലെ കുട്ടികൾ വീണ്ടും ഛർദ്ദിലും വയറുവേദനയും ഉണ്ടായി. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് സ്കൂൾ പ്രധാനാധ്യാപിക മിനിമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 629 ലേറെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇതിൽ 15 പേർക്ക് മാത്രമാണ് അസുഖം ഉണ്ടായത്. താനുൾപ്പെടെ സ്കൂളിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും പ്രധാനാധ്യാപിക വിശദീകരിക്കുന്നു. 

സ്കൂളിൽ നിന്നും ഉച്ചഭക്ഷണമായി കഴിച്ച ചോറും സാമ്പാറുമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് സംശയം. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.  

0 Comments

Headline