അഞ്ചാലുംമൂട് : പനയം ഗ്രാമ പഞ്ചായത്തിൽ നടന്ന തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പില്‍ മുൻ ഉദ്യോഗസ്ഥരടക്കം പ്രതിയായേക്കും. കഴിഞ്ഞ 2019, 20, 21 വർഷങ്ങളിലെ തട്ടിയെടുത്ത തുക കോടികളാണെന്നാണ് വിവരം. ഈ വൻ തട്ടിപ്പിനിരയായവർ പഞ്ചായത്തിനെ പരാതിയുമായി ഇതിനോടകം സമീപിച്ചിട്ടുണ്ട്. കേസിൽ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിനെ തുടർന്ന് അടുത്ത ദിവസങ്ങളിൽ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും.
അന്വേഷണത്തിലേക്ക് കടക്കുന്നതോടെ പഞ്ചായത്തിലെ മുൻപുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രാഥമിക പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. കേസിൽ താത്കാലിക ജീവനക്കാരും ഉള്‍പ്പെടുമെന്നാണ് വിലയിരുത്തൽ. മുന്‍ പഞ്ചായത്ത് പ്രസിഡൻ്റിനെയും സെക്രട്ടറിയേയും തട്ടിപ്പ് കേസില്‍ പ്രതി ചേർത്തേക്കും.
കുടുംബശ്രീയെ ഉപയോഗിച്ചും സമാന രീതീയില്‍ തട്ടിപ്പ് നടന്നുവെന്നും വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നു. തൊഴിലുറപ്പ് തൊഴിലില്‍ ഉള്‍പ്പെട്ട ആടിന്‍കൂട് നിര്‍മാണം, കോഴിക്കൂട് നിര്‍മാണം, കിണര്‍ നിര്‍മ്മാണം, ബയോഗ്യാസ് കാലിത്തൊഴിത്ത് നിര്‍മാണം എന്നി പദ്ധതിയുടെ മറവിലാണ് കോടികള്‍ തട്ടിയെടുത്തത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന ഒന്നാം ഗഡുവായ തുക തിരികെ പിന്‍വലിച്ചാണ് വൻ തട്ടിപ്പ് നടത്തിയത്.
അന്വേഷണത്തിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ തട്ടിപ്പ് പുറത്തുവന്നതോടെ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചന. പുതിയ ഭരണസമിതിയിൽ ഉൾപ്പെട്ട ജനപ്രതിനിധികൾക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തിൽ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികമായ അന്വേഷണത്തിലാണ് പഞ്ചായത്തില്‍ നടന്നത് ഗുരുതര തട്ടിപ്പാണെന്ന് കണ്ടെത്തിയത്.
എന്നാല്‍ തട്ടിപ്പ് കണ്ടെത്തിയിട്ടും അത് മൂടിവെയ്ക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. തട്ടിപ്പ് കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാത്തതിനാല്‍ നിലവിലെ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.
0 Comments