കാണാൻ അല്പം ചെറുതാണേലും വിലയിൽ കുറവില്ല. വഴിയോരം കച്ചവടത്തിൽ മുൻപെങ്ങും ഇല്ലാത്ത വിധം പ്രത്യക പ്രീതിയാണ് ഇപ്പോൾ ആഞ്ഞിലിച്ചക്കയ്ക്ക്. കാക്ക കൊത്തി താഴെയിട്ടു ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്കയുടെ വില 150-200 രൂപയാണ്. ഡിമാൻഡ് കൂടിയതോടെയാണ് വിലയും കൂടിയത്.
രുചിയോർക്കുമ്പോൾ വില നോക്കാതെ വാങ്ങാനും ആളുണ്ട്. ചക്കപോലെ ആഞ്ഞിലിച്ചക്ക വാങ്ങാനും കച്ചവടക്കാർ ഇപ്പോൾ പറമ്പിലുണ്ട്. നാടനും വിദേശിയുമായ വിവിധ പഴവർഗങ്ങളുടെ കുത്തൊഴുക്കിൽ മലയാളി മറന്നുകളഞ്ഞ ആഞ്ഞിലിച്ചക്കയുടെ തിരിച്ചുവരവ് ആഘോഷമാവുകയാണ്.
നവമാദ്ധ്യമങ്ങളിലൂടെ ആഞ്ഞിലിച്ചക്കയ്ക്ക് അടുത്തകാലത്ത് കൂടുതൽ പ്രചാരം ലഭിച്ചു. ന്യൂജൻ പിള്ളേരാണ് ഇത് കൂടുതൽ ഷെയർ ചെയ്തത്. അതോടെയാണ് ഡിമാൻഡായത്.
വേനൽ കാലത്ത് സുലഭമായി നാട്ടിൽ വെറുതേ കിട്ടുന്ന പഴവർഗമായിരുന്നു ആഞ്ഞിലിച്ചക്ക. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്ത് സുലഭമായി ലഭിക്കുന്ന വിഭവങ്ങളായ ചക്കയ്ക്കും മാങ്ങയ്ക്കുമൊപ്പം ആഞ്ഞിലിച്ചക്കയും വിപണിയിൽ തിളങ്ങുന്നു.
ഗുണത്തിലും മുൻപൻ
പഴമക്കാരുടെ ഓർമയിൽ ആഞ്ഞിലിച്ചക്ക ഒരുകാലത്ത് പഞ്ഞ മാസങ്ങളിൽ മലയാളിയുടെ പോഷകാഹാരമായിരുന്നു. കുരു വറുത്ത് തൊലികളഞ്ഞ് എടുത്താൽ കൊറിക്കാനും ഉപയോഗിക്കുമായിരുന്നു. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേർത്തു കഴിക്കുന്നത് ആസ്തമയ്ക്കും ഔഷധമാണ്. ആഞ്ഞിലിക്കുരുവിൽ നിന്നുള്ള എണ്ണ ത്വക്ക് രോഗങ്ങൾക്കും ഉപയോഗിച്ചിരുന്നു. വൈൽഡ് ജാക്ക് ഫ്രൂട്ട് എന്നറിയപ്പെടുന്ന ആഞ്ഞിലിച്ചക്കയുടെ ശാസ്ത്രനാമം അർട്ടോകാർപ്പസ് ഹിൽസറ്റസ് എന്നാണ്.
0 Comments