banner

ഇനിയാ കണ്ണുകൾ നനയില്ല, പുസ്തകങ്ങളും!; കുഞ്ഞ് മുഹ്സിനയ്ക്ക് വീടൊരുങ്ങി; താക്കോൽ ദാനം ശനിയാഴ്ച പ്രാക്കുളത്ത്

അഞ്ചാലുംമൂട് : മഴ നനഞ്ഞ വസ്ത്രവും മഴയിൽ കുതിർന്ന പുസ്തകങ്ങളുമായി സ്കൂളിലെത്തി അധ്യാപികയോട് സഹായമഭ്യർത്ഥിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനി മുഹ്സിനക്ക് വീടൊരുങ്ങി. ശനിയാഴ്ച കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് പ്രാക്കുളത്ത് നടക്കുന്ന ചടങ്ങിൽ താക്കോൽ കൈമാറുന്നതോടെ വലിയ വീട് കുഞ്ഞ് മുഹ്സിനക്ക് സ്വന്തമാകും.

കഴിഞ്ഞ ആഗസ്റ്റ് മാസം പൊയ്തൊഴിഞ്ഞ കനത്ത മഴയിലാണ് മുഹ്സിനയുടെ കാർ ബോഡ് കൊണ്ട് നിർമ്മിച്ച വീട് അങ്ങിങ്ങായി ചോർന്നോലിക്കാൻ തുടങ്ങിയത്. കാലം തെറ്റിയ മഴ മുഹ്സിനക്കും കുടുംബത്തിനും കണ്ണീരായി മാറി. മുഹ്സിനയുടെ പുസ്തകങ്ങൾ ആ വെള്ളത്തിൽ കുതിർന്നതോടെ ഇതുമായി സ്കൂളിലെത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഒടുവിൽ പ്രിയപ്പെട്ട അദ്ധ്യാപികയോട് മുഹ്സിന തൻ്റെ അവസ്ഥ വിവരിച്ചു. ഏഴാം ക്ലാസുകാരിയുടെ ദുരിത കഥ അദ്ധ്യാപിക ഗീതയേയും ഏറെ വിഷമത്തിലാക്കി. എല്ലാം പറഞ്ഞപ്പോൾ ആ കുഞ്ഞ് മനസ്സ് ഒരു കാര്യം അധ്യാപികയോട് ചോദിച്ചു. ഞങ്ങളുടെ വസ്ത്രവും ബുക്കും നനയാതിരിക്കാൻ ഒരു മുറിയുള്ള വീടെങ്കിലും തനിക്ക് ശരിയാക്കിതരുമോ? എന്ന്. 

ഇതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മുഹ്സിന തൻ്റെ ദയനീയത അറിയിച്ച് വിളിച്ചിരുന്നു. തൃക്കരുവ പഞ്ചായത്തിനെ സമീപിക്കാനും നടപടിയുണ്ടാകുമെന്നും ഓഫീസ് മറുപടി നൽകി. പഞ്ചായത്തിൽ വിവരം അറിയിച്ചതോടെ വിവിധ അന്വേഷണങ്ങളിൽ നിന്ന് മുഹ്സിന യുടെ മാതാവായ സജീനയുടെ പിതാവിന് 10 വർഷം മുമ്പ് പഞ്ചായത്തിൻ്റെ തദ്ദേശ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകിയിരുന്നു. ഈ വീട് സജീനയുടെ സഹോദരിയുടെ വിവാഹത്തിനായി വിൽക്കുകയായിരുന്നു. പിന്നീട് ഇവർക്കുണ്ടായിരുന്ന മൂന്നര സെൻ്റ് വസ്തു സമീപത്തെ സഹകരണ ബാങ്കിൽ പണയത്തിലായതോടെ പഞ്ചായത്തിൽ നിന്ന് വീട് അനുവദിക്കാൻ നിലവിലുള്ള ചട്ട പ്രകാരം കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. 

ഇതോടെ, അദ്ധ്യാപിക ഇക്കാര്യം കരുനാഗപ്പള്ളിയിലെ സ്നേഹ സേന ചുമതലക്കാരൻ അനിൽ മുഹമ്മദിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹത്തിൻ്റെ ഇടപെടലിൽ ദുബായിലെ വ്യവസായിയുടെ സഹായം ലഭിക്കുകയും. പ്രാക്കുളം ഫ്രണ്ട്സ് ക്ലബിന് സമീപമുള്ള മുഹ്സിനയുടെ കുടുംബത്തിൻ്റെ മൂന്നര സെൻ്റ് വസ്തുവിൽ വീട് പണിയുകയുമായിരുന്നു. ഏഴ് ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ വർഷം ഡിസംബർ ഇരുപതിനായിരുന്നു നടന്നത്.

ഒരു മുറി ആഗ്രഹിച്ച മുഹ്സിനയ്ക്ക് രണ്ട് മുറിയും സിറ്റൗട്ടും അടുക്കളയും ഉൾപ്പെടുന്ന 580 സ്ക്വയർ ഫീറ്റിൽ ഉൾക്കൊള്ളുന്ന വീടാണ് സ്നേഹ സേനയുടെ നേതൃത്വത്തിൽ പൂർത്തിയായത്. ശനിയാഴ്ച പ്രാക്കുളത്ത് കെ.ആർ.ഡി.എ ചെയർമാൻ അഡ്വ.എം ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് താക്കോൽ ദാന കർമ്മം നിർവ്വഹിക്കും. മത്സ്യഫെഡ് ചെയർമാൻ പി. മനോഹരൻ, മുൻ കയർഫെഡ് ചെയർമാൻ എസ്എൽ സജികുമാർ, ഡോ. അനിൽ മുഹമ്മദ്, ഷാജഹാൻ രാജധാനി, കൈതവനത്തറ ശങ്കരൻകുട്ടി, അഡ്വ. ജി.വി ഉണ്ണിത്താൻ എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിക്കും.

Post a Comment

0 Comments