പി.സി ജോർജും സരിതയുമായുള്ള ഫോൺ സംഭാഷണത്തിനിടെ സ്വപ്ന സുരേഷിനെ കുറിച്ച് നടത്തിയ പരാമർശത്തിലും പി.സി വിശദീകരണം നൽകി. സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി മാസം കാണാൻ വന്നിരുന്നു. നടന്ന സംഭവങ്ങളെല്ലാം എഴുതി നൽകി, എഴുത്ത് വായിച്ചപ്പോൾ ഏറെ വിഷമം തോന്നിയെന്നും സ്വപ്നയുടെ കത്ത് പുറത്തുവിട്ടുകൊണ്ട് പി.സി ജോർജ് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കറൻസി കടത്തിയതും അതേ ബാഗിൽ തിരിച്ചുവരുമ്പോൾ സ്വർണം കടത്തിയതും. 30 കിലോ സ്വർണമാണ് പിടിച്ചത്. എന്നിട്ട് പ്രതിയായത് ശിവശങ്കറും സരിത്തുമെല്ലാമാണ്. മുഖ്യന്ത്രിയാണ് പ്രതിയാകേണ്ടതെന്നും പി.സി ജോർജ് വ്യക്തമാക്കി.
സ്വപ്ന സുരേഷ് ഒപ്പിട്ടിരിക്കുന്ന മൂന്ന് പേജ് കത്താണ് പി.സി ജോർജ് വാർത്താ സമ്മളനത്തിൽ പുറത്തുവിട്ടത്. സ്വപ്നയുമായുള്ള ബന്ധം സരിതയുടെ ഫോൺസംഭാഷണത്തിനിടെ പുറത്തുവന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് ബുധനാഴ്ച സ്വപ്ന രംഗത്തുവന്നിരുന്നു. കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പി.സി ജോർജിന്റെ വാർത്താസമ്മേളനം.
പി.സി ജോർജും സരിതയും സ്വപ്നയുമായുള്ള ബന്ധം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരേയുള്ള സ്വർണക്കടത്ത് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഇടതുപക്ഷവും രംഗത്തുവന്നിരുന്നു. പിന്നിൽ പി.സി ജോർജും ആർ.എസ്.എസുമാണെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ആരോപണം.
0 Comments