banner

സാമ്പ്രാണിക്കോടി നാട്ടുകാർക്ക് ഭീഷണിയാവുന്നുവോ?; അടിയും പിടിയും പതിവ് കാഴ്ച

അഞ്ചാലുംമൂട് : കൊല്ലത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി വളരെപ്പെട്ടെന്ന് തന്നെ ഉയർന്നു വന്ന സാമ്പ്രാണിക്കോടി പ്രദേശത്തെ നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാവുന്നതായി ആരോപണം. ബോട്ട് സർവ്വീസിനെ ചൊല്ലി ബോട്ടുടമകളും ജീവനക്കാരും തമ്മിലുള്ള അടിപിടിയാണ് നാട്ടുകാരുടെ മനസമാധാനം തകർക്കുന്നത്. എന്നാൽ എല്ലാ ബോട്ടുടമകൾക്കും ജീവനക്കാർക്കുമെതിരെ നാട്ടുകാർക്ക് ആരോപണങ്ങളുമില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ വാക്കേറ്റത്തെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തതായും വിവരമുണ്ട്.

ഡി.ടി.പി.സി യുടേതുല്പടെ നാല്  ബോട്ട് യാർഡുകളിലായി നാല്പതോളം ബോട്ടുകളാണ് ഇവിടെ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സർവ്വീസ് നടത്തുന്നത്. സ്വകാര്യ ബോട്ട് യാഡിലെ ചില ബോട്ടുടമകളും ജീവനക്കാരും തമ്മിലാണ് വാക്കേറ്റങ്ങളും തുടർന്ന് കൈയ്യാങ്കളിയും ആകുന്നത്.

സാമ്പ്രാണിക്കോടിയുടെ പ്രകൃതി ഭംഗി ആസ്വദിയ്ക്കുവാൻ അവധി ദിവസങ്ങളിലും അല്ലാതെയും ജില്ലകൾക്ക് പുറത്ത് നിന്ന് പോലും നിയന്ത്രണാധിതമായി സഞ്ചാരികൾ എത്തുന്നുണ്ട്. ഇവരെ ആദ്യമാദ്യമുള്ള ബോട്ട് കടവുകാർ റോഡിൽ നിന്ന് ക്യാൻവാസ് ചെയ്യുന്നത് മൂലം സാമ്പ്രാണി കോടിയിൽ പ്രവർത്തിയ്ക്കുന്ന സ്വകാര്യ കടവിൽ സഞ്ചാരികൾ എത്തുന്നില്ല എന്ന ആരോപണവുമായി സാമ്പ്രാണിക്കോടിയിൽ സർവീസ് നടത്തുന്ന ചില ബോട്ടുകാർ മുന്നോട്ട് വന്നതാണ് പ്രശ്നങ്ങളുടെ തുടക്കം എന്നാണ് അറിയുവാൻ കഴിയുന്നത്.

ബോട്ട് കടവുകളിലെ ചില ബോട്ടുകാർ തമ്മിലുള്ള വാഗ്വാദങ്ങളും കൈയ്യാങ്കളിയും ഉപജീവനത്തിനായി സർവീസ് നടത്തുന്ന മറ്റു ബോട്ടുടമകൾക്കും ജീവനക്കാർക്കും ഭീഷണിയാകുമോ എന്ന ആശങ്കയും തൊഴിലാളികൾ അഷ്ടമുടി ലൈവിനോട് പങ്കു വയ്ക്കുന്നു.

സംഭവത്തിൽ പല തവണ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. യുവജന രാഷ്ട്രിയ പാർട്ടികളുടെ നേതാക്കളും സംഭവത്തിൽ കുറ്റക്കാർക്കെതിരെ രംഗത്ത് എത്തുന്നുണ്ട്. സംഭവത്തിൽ ഡി.റ്റി.പി.സിയുടെയും പോലീസിൻ്റെയും സമഗ്രമായ ഇടപെടലുകൾ ആവശ്യപ്പെടുകയാണ് നാട്ടുകാർ.

Post a Comment

0 Comments